imran-khan-and-modi

ന്യൂഡൽഹി: രാജ്യത്തിന്റെ പിന്തുണയോട് കൂടിയുള്ള ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്.സി.ഒ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മുന്നിലിരുത്തിയായിരുന്നു മോദിയുടെ പരാമർശം. ഭീകരവാദത്തിന് പണം നല്കുന്നവരും, തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാൻ തയാറാകണമെന്നും, അവരെ ഒറ്റപ്പെടുത്തണമെന്നും, ഭീകരവാദത്തെ ഇല്ലാതാക്കുന്നത് ചർച്ച ചെയ്യാനായി ഒരു ആഗോള കോൺഫറൻസ് നടത്തണമെന്നും ഷാങ്‌ഹായ്‌ സഹകരണ സംഘടനയുടെ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു.

ഭീകരവാദത്തെ കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി അത് പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദഹത്തെ പറഞ്ഞു. ഇമ്രാൻ ഖാൻ ഇരിക്കുന്ന വേദിയിൽ മോദി നടത്തിയ ഈ പ്രസ്താവന പാകിസ്ഥാനെ തന്നെ ലക്‌ഷ്യം വച്ചുള്ളതാണെന്ന് കരുതപ്പെടുന്നു. ഒരു ഭീകരവാദ മുക്ത സമൂഹത്തെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും അതിനായി എസ്.സി.ഒയിലെ സംഘടന പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദ പ്രശ്നത്തിൽ രാജ്യാന്തര ചർച്ചയാകാമെന്ന ഇമ്രാൻ ഖാന്റെ നിർദ്ദേശത്തെ എന്നാൽ മോദി തള്ളി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോൾ എറ്റവും മോശമായ അവസ്ഥയിലാണെന്നും, ഇത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താൻ കരുതുന്നുവെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം നിലനിർത്താൻ എന്ത് തരം ചർച്ചകൾക്കും പാകിസ്ഥാൻ തയാറാണെന്നും മറ്റ് അയൽരാജ്യങ്ങളുമായും സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കുമായ്യി നടത്തിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്.

എന്നാൽ കൂടിക്കാഴ്ചയിൽ മോദിയും ഇമ്രാനും തമ്മിൽ ആശയവിനിമയം നടത്താനോ സൗഹൃദം പങ്കുവയ്ക്കാനോ തയാറായില്ല. ഇരുവരും ഹസ്തദാനം ചെയ്യാൻ പോലും തയാറായിരുന്നില്ല. മാത്രമല്ല നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എഴുനേറ്റ് നിന്നപ്പോൾ ഇമ്രാൻ ഖാൻ കസേരയിൽ നിന്നും എഴുനേൽക്കാതെ അനാദരവ് കാട്ടുകയും ചെയ്തു.