കൊച്ചി: കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഭർത്താവ് നാടുവിടാൻ കാരണം മേലുദ്യോഗസ്ഥന്റെ പീഡനമാണെന്നും, മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
വയർലെസ് സെറ്റിലൂടെ എസ്.പിയുമായി വാഗ്വാദം നടന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. തന്റെ ഭർത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തോട് കള്ളക്കേസുണ്ടാക്കാൻ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യ ആരോപിച്ചു. മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്ന കാര്യം ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മേലുദ്യോഗസ്ഥന്റെ പേര് പറഞ്ഞിട്ടില്ലെന്നും ഭാര്യ പറഞ്ഞു.
അതേസമയം നവാസ് കേരളം വിട്ടിട്ടില്ലെന്നും എവിടെയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തെക്കൻ ജില്ലകളിലെ ആരാധനാലയങ്ങളിൽ നവാസ് ഇടയ്ക്കിടെ പോകാറുണ്ട്. ഇവിടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
തേവരയിലെ എ.ടി.എമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചിരുന്നു. കൂടാതെ പത്ത് ദിവസത്തിന് ശേഷം തിരിച്ച് വരുമെന്ന് ഒരു സുഹൃത്തിനോട് പറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെയാണ് നവാസിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്.