abha-airport
സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ ബുധനാഴ്‌ച ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യം

റിയാദ്:സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ ബുധനാഴ്‌ച ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്താവളത്തിലെ ആഗമന ഹാളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലെ ദൃശ്യങ്ങളാണ് പുറത്തായത്. ആഗമന ഹാളിൽ നിൽക്കുന്നവരുടെ തൊട്ടുമുന്നിൽ സ്‌ഫോടനം നടക്കുന്നത് 56 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. അൽ അറേബ്യ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്.

വിമാനത്താവളത്തിന്റെ ആഗമന ടെർമിനലിൽ ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാക്കി പറഞ്ഞിരുന്നു. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റിരുന്നു.ഇവരിൽ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവ‌‌ർക്ക് വിമാനത്താവളത്തിൽത്തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. വിമാനത്താവളത്തിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിനെതിരെ ഹൂതി വിമതർക്ക് നേരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

abha-airport

അതിനിടെ,​ സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്താനായി ഹൂതി വിമതന്മാർ അയച്ച അഞ്ച് ആളില്ലാ വിമാന(ഡ്രോൺ)ങ്ങളെ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെ ഖമീസ് മുഷൈത്ത് പ്രദേശത്ത് വച്ചാണ് ഡ്രോണുകൾ തകർത്തത്. സംഭവത്തിൽ അബഹ വിമാനത്താവളത്തിലെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്നും സൗദി വാർത്താ ഏജൻസി വ്യക്തമാക്കി. അബഹ വിമാനത്താവളത്തിനെയും ഖമീസ് മുഷൈത്തിലെ വ്യോമതാവളത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തുന്ന നിരന്തരമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി ആവശ്യപ്പെട്ടു. ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം നടക്കുന്നത്.

സൗദി സഖ്യസേന യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിലെ പ്രതികാരമെന്നോണമാണ് ആക്രമണമെന്നാണ് ഹൂതികളുടെ പക്ഷം. രാജ്യത്ത് അഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ആയിരക്കണക്കിന് പേരെ സൗദി സഖ്യസേന വധിച്ചിട്ടുണ്ട്. കണ്ണിന് കണ്ണ് എന്ന രീതിയിൽ ഇനി തിരിച്ച് പ്രതിരോധിക്കും. നിരവധി സർപ്രൈസുകൾ ഇനി കാത്തിരിക്കുന്നുണ്ടെന്നും ഹൂതികൾ വ്യക്തമാക്കി. അതേസമയം,ഷിയാ ഭൂരിപക്ഷ പ്രദേശമായ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനിടെ ഉണ്ടായ സംഭവ വികാസങ്ങൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്‌മതയോടെയാണ് പരിശോധിക്കുന്നത്. തങ്ങളുടെയോ സഖ്യകക്ഷികളുടെയോ നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ അമേരിക്ക പ്രദേശത്ത് സൈനിക വിന്യാസം നടത്തുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമാൻ കടലിടുക്കിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച അമേരിക്ക, ഇക്കാര്യത്തിൽ മറുപടി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട കപ്പലുകളിൽ നിന്ന് ഇറാൻ സൈന്യം മൈനുകൾ എടുത്ത് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട അമേരിക്ക ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.