മലയാള സിനിമയുടെ എക്കാലത്തേയും മഹാസംവിധായകൻ ജോഷി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായക വേഷം വീണ്ടും അണിയുന്നു. 'പൊറിഞ്ചു മറിയം ജോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നൈല ഉഷ, ചെമ്പൻ വിനോദ്, ജോജു ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജുവാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്.
റെജിമോൻ നിർമ്മിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പള്ളി അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിലാണ് തീയറ്ററുകളിൽ എത്തുന്നത്. അഭിലാഷ് ജി ചന്ദ്രനാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുക. ജേക്ക് ബിജോയാണ് സംഗീതം. എഡിറ്റിങ് ശ്യാം ശശിധരന്റെ ചുമതലയാണ്.
ജോസഫിന് ശേഷം ജോജു നായകവേഷത്തിൽ വീണ്ടുമെത്തുന്നു ചിത്രത്തിന്റെ മോഷൻ പോസ്റ്റർ യൂട്യൂബിൽ റിലീസായിട്ടുണ്ട്. പുത്തൻപള്ളി ജോസ്, ആലപ്പാട്ട് മറിയം, കാട്ടാളൻ പൊറിഞ്ചു എന്നീ മൂന്നുപേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മോഹൻലാൽ നായകനായ പ്രിത്വിരാജ് ചിത്രം ലൂസിഫറാണ് നൈല ഉഷയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ടാ'ണ് ചെമ്പൻ വിനോദിന്റെ ഉടൻ പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം.