southern-railway

ന്യൂഡൽഹി: റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന തീരുമാനത്തിൽ നിന്നും സതേൺ റെയിൽവേ പുറകോട്ട് പോകുന്നു. ഈ തീരുമാനം നടപ്പാക്കേണ്ടതില്ല എന്നാണ് സതേൺ റെയിൽവേ അധികൃതർ ഇപ്പോൾ പറയുന്നത്. റെയിൽവേ ഡിവിഷണൽ കണ്ട്രോൾ ഓഫീസും സ്റ്റേഷൻ മാസ്റ്റർമാരും തമ്മിൽ ഭാഷ മൂലം ഉണ്ടായ ആശയകുഴപ്പമാണ് സതേൺ റെയിൽവേയെ ഈ തീരുമാനത്തിലേക്ക് എത്തിക്കുന്നത്. ഇനി ഇങ്ങനെയുള്ള സന്ദർഭങ്ങൾ ഒഴിവാക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് സതേൺ റെയിൽവേ ഇന്നലെ സർക്കുലറും അയച്ചിരുന്നു.

ഡിവിഷണൽ കണ്ട്രോൾ ഓഫീസും സ്റ്റേഷൻ മാസ്റ്റർ മാറും തമ്മിലുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷ്, അല്ലെങ്കിൽ ഹിന്ദി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും പ്രാദേശിക ഭാഷകൾ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. ഇരു ഭാഗങ്ങളും തമ്മിൽ ആശയകുഴപ്പം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. മുഖ്യ ഗതാഗത പദ്ധതി മാനേജർ ആർ. ശിവ എഴുതിയ കത്തിൽ പറയുന്നു.

എന്നാൽ ഈ സർക്കുലറിനെതിരെ തമിഴ്‌നാട്ടിലെ ഡി.എം.കെ പാർട്ടി എതിർപ്പുമായി മുന്നോട്ട് വരികയും സതേൺ റെയിൽവേയുടെ ചെന്നൈ ഓഫീസിനു മുൻപിൽ സമരമിരിക്കുകയും ചെയ്തു. തമിഴ് മണ്ണിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള മറ്റൊരു നീക്കമായാണ് ഡി.എം.കെ ഇതിനെ കണ്ടത്.

പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഡി.എം.കെ എം.പി ദയാനിധി മാരൻ റയിൽവേ അധികൃതരെ കണ്ട് ചർച്ച നടത്തി. സോഷ്യൽ മീഡിയയിലും മറ്റും റയിൽവേയുടെ ഈ തീരുമാനത്തിനെതിരെ വൻ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സതേൺ റെയിൽവേ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയതെന്നാണ് സൂചന.