‘അവളിലേക്കുള്ള ദൂരത്തിന്’ ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്ത ‘എന്നോടൊപ്പം’ അന്താരാഷ്ട്ര ഡോക്യമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക്. ജൂൺ 21 മുതൽ 26വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയിൽ ഈ ഡോക്യുമെന്ററി കാണികൾക്ക് മുന്നിലെത്തും. ട്രാൻസ്ജെന്ററുകളുടെ ജീവിതവും കുടുംബ ജീവിതവും പശ്ചാത്തലമാകുന്ന ഡോക്യുമെന്ററിയുടെ പ്രഥമപ്രദർശനമാണ് ജൂൺ 25ന് വൈകിട്ട് 3.15 ന് ശ്രീ തീയറ്ററിൽ നടക്കുക.
തലസ്ഥാന നിവാസികളായ ആദ്യ ട്രാൻസ് ദമ്പതികളായ ഇഷാൻ- സൂര്യ എന്നിവരുടെയും എറണാകുളം, വൈപ്പിൻ സ്വദേശിനിയായ മിയ ശിവറാമിെൻറയും ജീവിതങ്ങൾ തൊട്ടറിയുന്നതാണ്
പ്രമേയം. കഴിഞ്ഞ 12 വർഷമായി ഫൊട്ടോഗ്രാഫിയിലൂടെയും എഴുത്തിലുടെയും ഡോക്യുമെൻററിയിലൂടെയും ട്രാൻസ് സമൂഹത്തെ പിന്തുടരുന്ന പി. അഭിജിത്ത്, ‘എന്നോടൊപ്പത്തിൽ’ വ്യത്യസ്ഥമായൊരു പ്രമേയമാണ് അവതരിപ്പിക്കുന്നത്. മാധ്യമം ദിനപത്രത്തിന്റെ എറണാകുളം യൂനിറ്റിൽ സീനിയർ ഫൊട്ടോഗ്രാഫർ ആണ് അഭിജിത്ത്. ഫോട്ടോഗ്രാഫിക്കും ഡോക്യുമെന്ററികൾക്കുമായി ഇതിനകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഡ്രീം ക്യാപ്ച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്യുമെന്ററി നിർമിച്ചത് എ.ശോഭില. കേരള കൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ അജയ് മധുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് അമൽജിത്ത്, സൗണ്ട് മിക്സിങ്ങ് ഷൈജു.എം, സബ്ടൈറ്റിൽസ് അമിയ മീത്തൽ ഡിസൈൻസ് ടി . ശിവജി കുമാർ. ഇതിന് പുറമെ പാലക്കാട് നടക്കുന്ന ഒ.ബി.എം ലോഹിതദാസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.