v-muraleedharan

ദുബായ്:ലേബർ ക്യാംപിലെത്തിയ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഇതര ഭാഷ തൊഴിലാളികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു ഏട്ടാ വിളിയെത്തി. മാതൃഭാഷയിലെ ആ വിളി മന്ത്രിക്ക് നന്നേ ബോധിച്ചു. തലയുയർത്തി വിളിച്ചയാളെ നോക്കി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രീതാഭവനിൽ രാജശേഖരനാണ് വിളിച്ചത്. കോൺസുലേറ്റ് ജനറൽ രാജശേഖരനെ മുരളീധരന്റെ അടുത്തെത്തിച്ചു.

മുരളിയേട്ടാ ടിക്കറ്റ് കൂലി വലിയ പ്രശ്നമാ,അതൊന്നു കുറയ്ക്കണം എന്നായിരുന്നു രാജശേഖരന്റെ ആവശ്യം. വിവിധ സർക്കാരുകൾ മാറിമാറി വരുമ്പോൾ പ്രശ്നം അവതരിപ്പിക്കാറുണ്ടെന്നും എന്നാൽ ഇതുവരെ പരിഹാരമായില്ലെന്നും രാജശേഖരൻ പറഞ്ഞു. ഉടനെത്തി മന്ത്രിയുടെ മാസ് ഡയലോഗ്. ഞാൻ ഇപ്രാവശ്യമാണല്ലോ മന്ത്രിയായത് എന്നായിരുന്നു അദ്ദേഹത്തിന്റെ മാസ് മറുപടി. തുടർന്ന് താൻ വ്യോമായന മന്ത്രിയോട് ഈ വിഷയത്തെപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജശേഖരൻ പതിനൊന്ന് വർഷമായി യു.എ.ഇയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ഇപ്പോഴുള്ള കമ്പനിയിൽ ഡ്രൈവറായി ജോലിക്കെത്തിയിട്ട് ആറുമാസമായിട്ടേയുള്ളു. കുട്ടിക്കാലം മുതലേ സംഘപ്രവർത്തകനായ രാജേന്ദ്രൻ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നാട്ടിൽപ്പോയി പ്രവർത്തിച്ചിരുന്നു.