കണ്ണൂർ: വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തിക്കുന്നത് തടയാൻ കർശന പരിശോധനകളുമായി എക്‌സൈസ്, പൊലീസ് വകുപ്പുകൾ രംഗത്തെത്തിയതോടെ മറുതന്ത്രം പയറ്റി ലഹരി മാഫിയകൾ. വിദ്യാലയ പരിസരങ്ങളിൽ പരിശോധന ശക്തമാക്കിയതോടെ താവളം മാറ്റിയാണ് ലഹരിമാഫിയയുടെ ഇപ്പോഴത്തെ പ്രവർത്തനമത്രേ.
തിരക്കൊഴിഞ്ഞ പാർക്കുകൾ- പ്രദേശങ്ങൾ, ബീച്ചുകൾ, ആശുപത്രി പരിസരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് പുതിയ താവളം. എന്നാൽ, ഇത് മനസിലാക്കിയ അധികൃതർ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. കർണാടകയിൽ മംഗളൂരു കേന്ദ്രീകരിച്ച് പാൻമസാലയുടെ വൻശേഖരം സൂക്ഷിക്കുന്ന ഗോഡൗൺ എക്സൈസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്നവയാണ് ഇതെന്നാണ് വിവരം. കഴിഞ്ഞമാസം ഒന്നര ടൺ പാൻമസാലകൾ കാസർകോട് ജില്ലയിൽ നിന്ന് മാത്രം കണ്ടെത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോൺ പറഞ്ഞു.
കർണാടകയിൽ നിന്ന് ചില മത്സ്യലോറികളുടെ ഫ്രീസറിലും പച്ചക്കറിക്കൊപ്പവും വൻതോതിൽ ലഹരിവസ്തുക്കൾ കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. മയക്കു മരുന്നുകൾ മാത്രം പിടികൂടിയതിന്റെ 40-50 കേസുകളാണ് ഓരോ മാസവും രജിസ്റ്റർ ചെയ്യുന്നതെന്ന് കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ് കുമാർ പറഞ്ഞു. ആന്ധ്രയിലെ നക്സലൈറ്റ് സ്വാധീന മേഖലകളിൽ നിന്ന് കമ്പം വഴിയാണ് കഞ്ചാവ് സംസ്ഥാനത്ത് കൂടുതലായും എത്തുന്നത്.
ഹൈഡ്രോളിക് സംവിധാനത്തോടെ കേക്ക് രൂപത്തിലാക്കി മറ്റു വസ്തുക്കളുടെ കൂട്ടത്തിലാണ് ഇവ കടത്തുന്നത്. ഇടുക്കിയിലെ കൃഷി തകർന്നതോടെ ഇവിടത്തെ കഞ്ചാവ് കർഷകർ കൂട്ടത്തോടെ ആന്ധ്രയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് ബ്രൗൺ ഷുഗർ ഒഴുകുന്ന പ്രധാന കേന്ദ്രം അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയാണ്. സ്കൂളുകളിലെ ലഹരി ഒഴുക്ക് നിയന്ത്രിക്കാൻ എക്സൈസ് ഡിപ്പാർട്ട്മെന്റ് സജീവമായി രംഗത്തുണ്ടെന്ന് നോർത്ത് സോൺ അസി. എക്സൈസ് കമ്മിഷണർ മുഹമ്മദ് ന്യൂമാൻ പറഞ്ഞു.
എക്സൈസ് ഓഫീസർമാർക്കും പൊലീസ് ഓഫീസർമാർക്കും സ്കൂളുകളുടെ ചുമതല നൽകി നിരീക്ഷണം നടത്തുന്നു. ഷാഡോ ഫോഴ്സിനെയും പട്രോളിംഗിന് നിയോഗിച്ചിട്ടുണ്ട്. സ്കൂളുകളിൽ ജാഗ്രതാ സമിതികൾ വഴിയും സ്റ്റുഡന്റ്സ് പൊലീസ് വഴിയും വിദ്യാർത്ഥികളിൽ നിന്ന് വിവരം ശേഖരിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.