കൊച്ചി: പാലാരിവട്ടം മേല്പാലം നിർമ്മണത്തിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം പാലം കരാർ എടുത്ത കമ്പനിയുടെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി. കരാർ കമ്പനിയായ ആർ.ഡി.എസിന്റെ കൊച്ചി ഓഫീസിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത് കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്ലാറ്റിലും വിജിലൻസ് പരിശോധന നടത്തി.
റെയ്ഡിൽ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് സംഘം പിടിച്ചെടുത്തതായാണ് സൂചന. മേൽപ്പാലം നിർമ്മാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
പാലത്തിന്റെ രൂപകല്പന മാറ്റിയതിലൂടെ കമ്പനിക്ക് വൻലാഭം ഉണ്ടായെന്നും എഫ്.ഐ.ആറിൽ വിജിലൻസ് വ്യക്തമാക്കുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.