hongok-

ഹോങ്കോങ്: തങ്ങളുടെ പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാൽ, അക്രമമാകും ഫലമെന്ന മുന്നറിയിപ്പുമായി ഹോംങ്കോംഗ് പ്രക്ഷോഭകാരികൾ. കുറ്റവാളികളെ ചൈനയ്‌ക്ക് കൈമാറാനുള്ള ബില്ലിൽ പ്രതിഷേധിച്ചാണ് ഹോങ്കോങ്ങിൽ ജനങ്ങളുടെ പ്രക്ഷോഭം. കഴിഞ്ഞദിവസങ്ങളിൽ പ്രക്ഷോഭകാരികളും പൊലീസും ഏറ്റുമുട്ടിയതിൽ 80ലേറെ പേർക്ക് പരിക്കേറ്റു. അയ്യായിരത്തോളം പൊലീസുകാരെയാണ് കലാപം അമർച്ച ചെയ്യാൻ ഹോങ്കോങ്ങ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. പൊലീസ് പ്രക്ഷോഭകർക്കെതിരെ കണ്ണീർവാതകം പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്‌ക്കുകയും ചെയ്‌തു. ഹോങ്കോങ് സർക്കാരിന്റെ ആസ്ഥാനത്തിന് ചുറ്റുമുള്ള റോഡുകളെല്ലാം പതിനായിരക്കണക്കിന് ജനങ്ങൾ കൈയടക്കിയിരിക്കയാണ്.

ചൈനയുടെ ഭാഗമാണെങ്കിലും ചൈനയേക്കാൾ ഉദാരമായ നിയമവ്യവസ്ഥയാണ് ഹോങ്കോങ്ങിലുള്ളത്. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം പിടികിപ്പുള്ളികളായി ഹോങ്കോങ്ങിലേക്ക് കടന്നവരെ കൈമാറണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കുന്ന നിയമഭേദഗതിക്കാണ് ചൈനീസ് അനുകൂല ഹോങ്കോങ് ഭരണകൂടം ഒരുങ്ങുന്നത്. ഈ നിയമത്തിന്റെ മറവിൽ ക്രിമിനൽ കുറ്റവാളികളെ മാത്രമല്ല,​ രാഷ്ട്രീയ എതിരാളികളെയും വിമതരെയും ചൈനയ്‌ക്ക് കൈമാറുമെന്നാണ് ആശങ്ക. കൈമാറിയാൽ ചൈനയുടെ കഠിനമായ നിയമവ്യവസ്ഥ പ്രകാരം കൊടിയ ശിക്ഷകളാവും ഏറ്റുവാങ്ങേണ്ടിവരിക.

ബിൽ പാസാക്കാനുള്ള ഹോങ്കോങ് ഭരണകൂടത്തിന്റെ അദ്ധ്യക്ഷയായ കാരി ലാമിന് ചൈനീസ് ഗവൺമെന്റ് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജനകീയ പ്രക്ഷോഭം കാരണം ബിൽ ഹോങ്കോങ്ങ് പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവയ്‌ക്കാൻ നിയമനിർമ്മാണ സഭ ( ലെജിസ്ലേറ്റിവ് കൗൺസിൽ )​ ഇന്നലെ തീരുമാനിച്ചു.

സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ട് എന്ന സംഘടനയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ഞായറാഴ്‌ചയും തിങ്കളാഴ്ചയും തെരുവിലിറങ്ങാൻ സംഘടനജനങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കയാണ്.