doctors-strike

കൊൽക്കത്ത: സർക്കാർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാർക്ക് മർദ്ദനമേൽക്കേണ്ടിവന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി ബംഗാളിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് നൂറിലധികം സീനിയർ ഡോക്ടർമാർ രാജിവെച്ചു. കൊൽക്കത്ത, ബർദ്വാൻ, ഡാർജിലിംഗ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലെ വകുപ്പ് തലവൻമാർ അടക്കമുള്ളവരാണ് രാജിവച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഡോക്ടർമാരുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തരമൊരു നടപടിയെന്ന് സ്വീകരിച്ചതെന്ന് രാജിവെച്ച ഡോക്ടർമാർ വ്യക്തമാക്കി.

സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ജൂനിയർ ഡോക്ടർമാർവെള്ളിയാഴ്ച പണിമുടക്കിയിരുന്നു. സമരത്തിലുള്ള ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെമ്പാടുമുള്ള ഡോക്ടർമാർ തിങ്കളാഴ്ച പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമരം പിൻവലിക്കണമെങ്കിൽ മമത നിരുപാധികം മാപ്പ് പറയണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.

എന്നാൽ ബി.ജെ.പിയും സി.പി.എമ്മുമാണ് ഡോക്ടർമാരുടെ സമരത്തിനു പിന്നിലെന്ന് മമത ബാനർജി ആരോപിച്ചു. ഡോക്ടർമാരുടെ സമരത്തിലേയ്ക്ക് നയിച്ചത് മമതാ ബാനർജിയുടെ കടുംപിടിത്തമാണെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു.