xiaomi

വീടുകളിൽ വർണം വാരി വിതറുന്ന ഷവോമിയുടെ സ്മാർട്ട് എൽ.ഇ.ഡി ബൾബുകൾ ഇനി ഇന്ത്യയിലും. ഷവോമിയുടെ ക്രൗഡ്​ഫണ്ടിംഗിന്റെ ഭാഗമായി പുറത്തിറക്കിയ ഈ സ്മാർട് ബൾബിന്റെ ലിമിറ്റഡ് എഡിഷനാണ് ഇന്ത്യയിൽ എത്തുന്നത്. നിശ്ചിത എണ്ണം ബൾബുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വിറ്റഴിക്കുക.

ബൾബിന് 11 വർഷത്തെ ആയുസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആമസോൺ അലെക്‌സ, ഗൂഗിൾ അസിസ്റ്റന്റ് എന്നീ വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങളും ഈ സ്മാർട് ബൾബിലുണ്ടാവും. എം.ഐ ഹോം ആപ്പ് ഉപയോഗിച്ച് ഫോൺവഴി ബൾബ് നിയന്ത്രിക്കാൻ കഴിയും. 1.6 കോടി നിറങ്ങളിൽ പ്രകാശം ചൊരിയുന്ന സംവിധാനമാണ് ബൾബിലുള്ളത്.

ഷാവോമി ഇന്ത്യ മേധാവി മനുകുമാർ ജെയ്ൻ ആണ് സ്മാർട്ട് ബൾബ് ഇന്ത്യൻ വിപണിയിലെത്തിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 1299 രൂപയാണ് ബൾബിന്റെ വില. ഇതിൽ 300 രൂപ ഷവോമിയുടെ ക്രൗഡ് ഫണ്ടിംഗിന് വേണ്ടിയുള്ളതാണ്. ഫ്ലിപ്​കാർട്ട്, ആമസോൺ, എം.ഐ.കോം വെബ്‌സൈറ്റുകൾ വഴിയാണ് സ്മാർട്ട് ബൾബ് വിറ്റഴിക്കുന്നത്.

ബൾബ് പ്രവർത്തിപ്പിക്കാൻ പ്രത്യേകം ഹബ്ബ് വേണ്ടെന്നതും പ്രത്യേകതയാണ്. എം.ഐ ഹോം ആപ്ലിക്കേഷൻ ഉപയോഗിച്ച് ബൾബ് ഓണാക്കാനും ഓഫ് ആക്കാനും, സമയം ക്രമീകരിക്കാനും, വെളിച്ചം ക്രമീകരിക്കാനും നിറങ്ങൾ മാറ്റാനുമെല്ലാം സാധിക്കും.

ആമസോൺ അലെക്‌സ, ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങൾ വഴിയും ബൾബ് നിയന്ത്രിക്കാം.