എറണാകുളം: കൊച്ചി സെൻട്രൽ സി.ഐ നവാസിനെ കണ്ടെത്താനുള്ള അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലിയാണ് അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്നത്. നവാസിനെ കൊല്ലത്ത് കണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇവിടെ തെരച്ചിൽ നടത്തുകയാണ് പൊലീസ്.
മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് സി.ഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എ.സി.പി സുരേഷ് കുമാറിനെ ഡി.സി.പി പൂങ്കുഴലി ചോദ്യം ചെയ്തു.
തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. സ്റ്റുവർട്ട് കീലർ, പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ ശ്രീജേഷ് പി.എസ് എന്നിവർ ഉൾപ്പെടെ 20 അംഗ സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
നവാസിനെ കണ്ടെത്താൻ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റും
അതേസമയം എറണാകുളം സെൻട്രൽ സി.ഐ നവാസിനെ കാണാനില്ലെന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക്പേജിൽ അറിയിപ്പ് നൽകി. നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ വെള്ളിയാഴ്ച രാത്രി പരസ്യം പോസ്റ്റ് ചെയ്തത്.
നവാസിന്റെ ശരീരപ്രകൃതിയെക്കുറിച്ചും കാണാതായ സമയത്ത് കടുംനീല നിറത്തിലുള്ള ഷർട്ടും മങ്ങിയ വെള്ള പാന്റ്‌സും ഹാൻഡ് ബാഗും ഉണ്ടായിരുന്നതായി പരസ്യത്തിൽ പറയുന്നു. അതേസമയം, സി.ഐ. നവാസിന്റെ തിരോധാനത്തിൽ ഇതുവരെ തുമ്പ് ലഭിക്കാത്തതിൽ കേരള പൊലീസിനെ വിമര്‍ർശിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.