amit-shah

ലക്‌ന‌ൗ: ഉത്തർപ്രദേശിനെ മാമ്പഴത്തിന് കേന്ദ്രമന്ത്രി അമിത് ഷായുടെ പേര് നൽകി ആദരിച്ച് കർഷകൻ. യു.പിയിലെ അറിയപ്പെടുന്ന മാമ്പഴ കർഷകനും വ്യാപാരിയുമായി ഹാജി ഖാലിമുല്ലയാണ് അമിത് ഷായുടെ പേരിട്ട് മാമ്പഴം പുറത്തിറക്കിയത്. പുതുതായി വിളയിച്ച മാമ്പഴങ്ങൾക്കാണ് കേന്ദ്രമന്ത്രിയുടെ പേര് നൽകിയത്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഒന്നിപ്പിച്ച്,​സമൂഹത്തിൽ ഒരുമ നിലനിർത്താനുള്ള അമിത് ഷായുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് മാമ്പഴത്തിന് അമിത് ഷായുടെ പേരു നൽകിയതെന്ന് ഖാലിമുല്ല പറഞ്ഞു.

വളരെ വ്യത്യസ്തമായ മാമ്പഴമാണിതെന്നും രുചിയിലും ഭാരത്തിനും നല്ലതാണിതെന്നും ഖാലിമുല്ല പറയുന്നു. പദ്‍മശ്രീ പുരസ്‍കാരം നേടിയിട്ടുള്ള ഖാലിമുല്ല ഉത്തർപ്രദേശിലെ മാമ്പഴ മനുഷ്യൻ എന്നാണ് അറിയപ്പെടുന്നത്.‘ഷാ മാമ്പഴം’ എന്നാണ് ഇനി മുതൽ മാമ്പഴം അറിയപ്പെടുക. വിപണിയിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ലക്നൗവിലാണ് മാമ്പഴം വിളയിച്ചെടുത്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലും അദ്ദേഹം മാമ്പഴം പുറത്തിറക്കിയിരുന്നു. മാമ്പഴം കഴിക്കാൻ ഇഷ്ടമാണെന്ന് മോദി പറഞ്ഞത് തന്നെ സന്തോഷിപ്പിക്കുന്നതായും മുല്ല പറഞ്ഞു. മാത്രമല്ല ഒറ്റമാവിൽ 300 ഇനം മാമ്പഴങ്ങൾ വിളയിച്ച റെക്കോഡും ഖാലിമുല്ല പേരിലുണ്ട്.