തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തിലകക്കുറിയായ അന്താരാഷ്ട്ര വിമാനത്താവളം സർക്കാരിനോ അദാനിക്കോ..? ഏറെക്കാലമായി തലസ്ഥാനവാസികൾ ആശങ്കയോടെ പരസ്പരം ചോദിക്കുന്ന ഈ ചോദ്യത്തിന് ഇന്ന് ഉത്തരമായേക്കും. അദാനിക്ക് കൈമാറാതെ, വിമാനത്താവളത്തിന്റെ നടത്തിപ്പ് സർക്കാരിന് നൽകുകയോ നിലവിലെ സംവിധാനം തുടരുകയോ വേണമെന്ന് ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടും. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും യാതൊരു മുൻപരിചയവുമില്ലാത്ത അദാനി എന്റർപ്രൈസസിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറരുതെന്നുമാണ് സർക്കാരിന്റെ വാദം. വിമാനത്താവളം സ്വകാര്യവത്കരണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. എന്നാൽ ലേലം വിളിച്ച് കരാർ ഉറപ്പിച്ച, അദാനിക്ക് ജൂലായ് ആദ്യം വിമാനത്താവളം കൈമാറുമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളാണ് അദാനിക്ക് കൈമാറുന്നത്. അദാനി വരുന്നത് ഗുണവും ദോഷവുമുണ്ടാക്കുമെന്നാണ് തലസ്ഥാനവാസികൾ വിലയിരുത്തുന്നത്. ഏറെക്കാലമായി എയർപോർട്ട് അതോറിട്ടി അവഗണിച്ചിരിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. ചെന്നൈ വിമാനത്താവളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ഇവിടെ കാര്യമായൊന്നും കിട്ടിയിരുന്നില്ല. സംസ്ഥാനസർക്കാർ സ്ഥലമേറ്റെടുത്ത് കൈമാറിയാലേ വികസന പദ്ധതികൾ സാദ്ധ്യമാവൂ എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഇതിനിടയിൽ അദാനി വരുന്നതോടെ തിരുവനന്തപുരത്ത് വികസനക്കുതിപ്പുണ്ടാകുമെന്നും കൂടുതൽ സർവീസുകൾ ഇവിടെ നിന്ന് തുടങ്ങാനാവുമെന്നും വാദമുണ്ട്. റിയൽ എസ്റ്റേറ്റ് വികസനത്തിനായിരിക്കും അദാനി മുൻതൂക്കം നൽകുകയെന്നതും നിലവിലെ എയർപോർട്ട് അതോറിട്ടി ജീവനക്കാരുടെ ജോലിസുരക്ഷയും ആശങ്കയുണ്ടാക്കുന്നുമുണ്ട്. എന്നാൽ വിമാനത്താവളം ആർക്കും വിൽക്കില്ലെന്നും കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ തുടരുമെന്നുമാണ് എയർപോർട്ട് അതോറിട്ടിയുടെ വിശദീകരണം. നടത്തിപ്പിന്റെ അവകാശവും ഉത്തരവാദിത്വവും 50 വർഷത്തേക്ക് കൈമാറുകയാണ്. വികസനത്തിന് അദാനി പണംമുടക്കണം. സർവീസുകളും യാത്രക്കാരെയും കൂട്ടിയാലേ വരുമാനം കൂടൂ. അതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകളുണ്ടാവും.
വിഴിഞ്ഞത്തിനു പിന്നാലെ വിമാനത്താവളവും കൂടി ലഭിക്കുന്നതോടെ തലസ്ഥാനത്തിന്റെ നിയന്ത്രണം അദാനിയുടെ കൈപ്പിടിയിലാവും. ഇന്ത്യൻ മഹാസമുദ്രത്തിലെ തുറമുഖഭീമനായ ഗൗതം അദാനി, രാജ്യത്ത് ഏറ്റവുമധികം വിമാനത്താവളങ്ങൾ കൈപ്പിടിയിലുള്ള സ്വകാര്യഭീമനായി മാറും. തിരുവനന്തപുരത്തിനു പുറമെ, മംഗളുരു, ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനിക്ക് കൈമാറുക. ആസ്ട്രേലിയ മുതൽ വിഴിഞ്ഞം വരെ തുറമുഖ ശൃംഖലയുണ്ടാക്കിയ അദാനി, ആകാശത്തും ഇതേ തന്ത്രം തുടർന്നാൽ തിരുവനന്തപുരത്ത് രാപ്പകൽ വിമാന ഇരമ്പം നിലയ്ക്കില്ല. ലോകനിലവാരം എന്ന ഒറ്റ ഉറപ്പാണ് തിരുവനന്തപുരത്തിന് അദാനി നൽകുന്നത്. അദാനി വന്നാൽ തലസ്ഥാനത്തിന് പ്രതീക്ഷിക്കാനേറെയുണ്ട്. അദാനിയുടെ വിമാനത്താവളങ്ങൾ കൂട്ടിയിണക്കിയുള്ള സർവീസുകൾ മാത്രം മതി തിരുവനന്തപുരത്തിന് കുതിക്കാൻ. ഗുവാഹത്തിയുമുള്ളതിനാൽ വടക്കുകിഴക്കൻ കണക്ഷനുമായി. തൊട്ടതെല്ലാം പൊന്നാക്കിയ 57കാരനായ അഹമ്മദാബാദുകാരൻ ഗൗതം അദാനിക്ക് തിരുവനന്തപുരത്ത് ബിസിനസ് ലാഭത്തിലാക്കാൻ പുതുതന്ത്രങ്ങൾ പയറ്റേണ്ടിവരും. അദാനിക്കെതിരെ സർക്കാരും കെ.എസ്.ഐ.ഡി.സിയും ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഈ കേസിലെ ഉത്തരവിന് വിധേയമായായിരിക്കും ധാരണാപത്രം ഒപ്പിടുക.
അദാനിക്ക് നേരിടേണ്ടത്
ഓരോ യാത്രക്കാരനും 168 രൂപ വീതം വിമാനത്താവള അതോറിട്ടിക്ക് നൽകാമെന്നാണ് കരാർവ്യവസ്ഥ. തിരുവനന്തപുരത്ത് ആഭ്യന്തര യാത്രക്കാർക്ക് 450, രാജ്യാന്തര യാത്രക്കാർക്ക് 950 രൂപ യൂസർഫീസുണ്ട്. പ്രതിവർഷം നാലുശതമാനം വർദ്ധനയുമുണ്ട്. 2021വരെ ഇതിൽ വർദ്ധന വരുത്താനാവില്ല. യൂസർഫീസിനു പുറമേയാണ് 168 രൂപ കണ്ടെത്തേണ്ടത്. 628.70 ഏക്കർ ഭൂമി കിട്ടുമെങ്കിലും ടെർമിനൽ വികസനത്തിനു പോലും തിരുവനന്തപുരത്ത് സ്ഥലംതികയില്ല.
18 ഏക്കർ ഏറ്റെടുത്താലേ ടെർമിനൽ വികസനം സാദ്ധ്യമാവൂ. പണമുണ്ടാക്കാനുള്ള റിയൽ എസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഇവിടെ സ്ഥലംകുറവാണ്. നെടുമ്പാശേരിയിൽ 1300, കണ്ണൂരിൽ 3200, ബംഗളൂരുവിൽ 5200 ഏക്കർ വീതം സ്ഥലമാണുള്ളത്. സൗകര്യങ്ങൾ കൂട്ടി, എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടിയെ ബോദ്ധ്യപ്പെടുത്തിയാലേ 2021ൽ യൂസർഫീസ് കൂട്ടാനാവൂ. ഇപ്പോഴത്തെനിലയിൽ 2021ൽ രാജ്യാന്തരത്തിൽ 1069 രൂപയും ആഭ്യന്തരത്തിൽ 506 രൂപയുമാകും യൂസർഫീസ്. ഇത് വീണ്ടുമുയരുന്നത് യാത്രക്കാരെ അകറ്റും.
അദാനിക്കുള്ള മാർഗങ്ങൾ
വാണിജ്യ-പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ചാലേ അദാനിക്ക് പിടിച്ചുനിൽക്കാനാവൂ. ഡ്യൂട്ടിഫ്രീ ഷോപ്പുകൾ വിസ്തൃതമാക്കുക, ആഭ്യന്തര ടെർമിനലിലും ബാർ തുറക്കുക, മുക്കിലും മൂലയിലും പരസ്യം അനുവദിക്കുക എന്നിവയാണ് മാർഗം. നിലവിലെ മലേഷ്യൻ കമ്പനിയുടെ ചെറിയ ഡ്യൂട്ടിഫ്രീഷോപ്പ്, കരാർകാലാവധി കഴിയുമ്പോൾ ഏറ്റെടുത്ത് വലുതാക്കാം. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാൽ നേരിട്ടു നടത്തുന്നുണ്ട്. പ്രതിവർഷം ലാഭം 250 കോടി.
ഡ്യൂട്ടിഫ്രീ കരാറുകാരനെ ഏല്പിച്ചാൽ 50 ശതമാനം ലാഭം അദാനിക്ക് കിട്ടും. കണ്ണൂർ വിമാനത്താവളത്തിനായി ബാർ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതോടെ, ആഭ്യന്തരടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കാം. സെക്യൂരിറ്റി ഏരിയയിലെ കടകളുടെയും ബാറിന്റെയും വലിപ്പം അദാനിക്ക് തീരുമാനിക്കാം. ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ തുറന്നും പണമുണ്ടാക്കാം. ട്രോളിയിൽ വരെ പരസ്യംപതിക്കാം. ഗ്രൗണ്ട്ഹാൻഡ്ലിംഗ് ഇനത്തിലും ചെറിയതുക റോയൽറ്റി കിട്ടും. നെടുമ്പാശേരിയിൽ വാണിജ്യ-പരസ്യ മാർഗത്തിലൂടെ 700 കോടിയാണ് വരുമാനം.
പ്രതിഷേധം കനക്കുന്നു
പൈതൃകസ്വത്തായ വിമാനത്താവളം എന്തുവിലകൊടുത്തും പൊതുമേഖലയിൽ നിലനിറുത്തുമെന്ന് സ്വകാര്യവത്കരണവിരുദ്ധ ആക്ഷൻ കൗൺസിൽ ചെയർമാൻ എം. വിജയകുമാർ പറഞ്ഞു. ജനവിരുദ്ധവും രാജ്യതാത്പര്യത്തിന് വിരുദ്ധവുമാണ് കേന്ദ്രതീരുമാനം. ഇടപാടിൽ വൻ സാമ്പത്തിക അഴിമതിയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. വിമാനത്താവളം സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്തണം.
സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന വിമാനത്താവളം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണ്. സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്പിക്കാനുള്ള നടപടികൾ നിറുത്തണം.- പിണറായി വിജയൻ (മുഖ്യമന്ത്രി)
അത്യധികം ആഹ്ലാദത്തോടെയും ഉത്തരവാദിത്വത്തോടെയും വ്യോമയാന മേഖലയിലേക്കെത്തുകയാണ്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങൾ വികസിപ്പിച്ച് ലോകനിലവാരത്തിലാക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കവാടങ്ങളായി ഇവയെ മാറ്റും. കരൺ അദാനി (സി.ഇ.ഒ, അദാനി പോർട്ട്സ്)