തിരുവനന്തപുരം: മഴക്കാലമായതോടെ നഗരത്തിലെ മാൻഹോളുകൾ പലതും പൊട്ടിയൊലിച്ചു തുടങ്ങി. റോഡിലൂടെ ഒഴുകുന്ന മഴവെള്ളത്തിനൊപ്പം മലിനജലം കൂടിയാകുന്നതോടെ മഴക്കാലത്ത് വഴിയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും യാത്ര ദുസഹമാകുന്നു. പേട്ട ജംഗ്ഷന് സമീപം മാൻഹോൾ പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ദുർഗന്ധം കാരണം വഴി നടക്കാനാകാത്ത അവസ്ഥയാണ്. ഏത് നിമിഷവും മലിനജലം ഒഴുകിക്കൊണ്ടിരിക്കുന്ന റോഡിനോട് ചേർന്ന് ഹോട്ടൽ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മലിനജലം കച്ചവടത്തെ വരെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വഴുതക്കാട് വിമെൻസ് കോളേജിന് സമീപം രണ്ടു വർഷത്തോളമായി അഴുക്കുചാലിലെ മാൻഹോൾ പൊട്ടി കക്കൂസ് മാലിന്യം ഉൾപ്പെടെ റോഡിലൂടെ ഒഴുകുകയാണ്. മൂന്നു വർഷം മുൻപ് നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് മാൻഹോളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഒരു വർഷത്തിനു ശേഷം വീണ്ടും പഴയപടിയായി. ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ വാർഡിലെ അനാസ്ഥയെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും ശാശ്വത പരിഹാരമില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പല തവണ പരാതിപ്പെടുമ്പോൾ വലപ്പോഴും നഗരസഭാ ജീവനക്കാരെത്തി മാൻഹോൾ തുറന്ന് മാലിന്യം പുറത്തെടുത്ത് വൃത്തിയാക്കാറുണ്ട്. എന്നാൽ രണ്ടാഴ്ച കഴിയുമ്പോൾ എല്ലാം പഴയപടി ആകുമെന്ന് നാട്ടുകാർ പറഞ്ഞു. മലിനജലം ഒഴുകുന്ന പ്രദേശത്ത് ഈച്ചശല്യം രൂക്ഷമായത് ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർത്തുന്നുണ്ട്.
മണ്ണ് മൂടി ഓട
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഓടയിലെ മണ്ണ് കോരി വൃത്തിയാക്കിയെന്ന് നഗരസഭാ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും നഗരത്തിൽ പലയിടങ്ങളിലെയും ഓടകൾ അടഞ്ഞ അവസ്ഥയിലാണ്. ചെറിയൊരു മഴയെത്തിയാൽ ഓടയിലെ മാലിന്യം മലിനജലത്തിനൊപ്പം റോഡിലേക്ക് ഒഴുകിയെത്തും.
ഇന്റർലോക്ക് പാകിയ നടപ്പാതകൾ ഇന്റർലോക്ക് ഇളകി റോഡിൽ കുഴി രൂപപ്പെട്ട നിലയിലാണ്. പേരൂർക്കട, അമ്പലംമുക്ക്, കുന്നുകുഴി തുടങ്ങിയ ഇടങ്ങളിൽ മഴക്കാലത്തെ സ്ഥിരം കാഴ്ചയാണിത്.എന്നാൽ വേനൽക്കാലത്ത് തന്നെ ഓടകൾ കോരി വൃത്തിയാക്കിയെന്നാണ് നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ പറയുന്നത്. ഒപ്പം നഗരത്തിലെ ഭൂരിഭാഗം റോഡുകളും ടാറും മെറ്റലും ഇളകി പല ഭാഗത്തും തകർന്ന നിലയിലാണ്.
പൊട്ടിയൊഴുകുന്നത് ഇവിടെ
പേട്ട സെക്രട്ടേറിയറ്റിന് സമീപം പ്രസ്റോഡ്
വഴുതക്കാട് ചാക്ക എസ്.എസ് കോവിൽ റോഡ്