തിരുവനന്തപുരം: അജൈവ മാലിന്യങ്ങൾ ഇനി ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിനു മുന്നിലെ ഡ്രൈ വേസ്റ്റ് സെഗ്രഗേറ്റഡ് കളക്ഷൻ ഹബ്ബിൽ നിക്ഷേപിക്കാം. വഴിയാത്രക്കാരുടെ കൈയിലുള്ള അജൈവ മാലിന്യങ്ങൾ വേർ തിരിച്ച് നിക്ഷേപിക്കുന്നതിനുള്ള നഗരത്തിലെ ആദ്യത്തെ ഡ്രൈ വേസ്റ്റ് സെഗ്രഗേറ്റഡ് കളക്ഷൻ ഹബ്ബ് ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച മേയർ വി.കെ. പ്രശാന്താണ് ഉദ്ഘാടനം ചെയ്തത്. വലിയ ജനപങ്കാളിത്തമാണ് പദ്ധതിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. യാത്രയ്ക്കിടയിൽ പൊതുജനങ്ങൾക്ക് അജൈവമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് ഡ്രൈ വേസ്റ്റ് സെഗ്രഗേറ്റഡ് കളക്ഷൻ ഹബ്ബ് സ്ഥാപിച്ചത്.
മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാനുള്ള ബോക്സുകൾക്ക് പുറമെ തുണി സഞ്ചി തുടങ്ങിയ ഉത്പന്നങ്ങൾ കളക്ട് ചെയ്യാൻ ബദൽ ഉത്പന്നങ്ങൾ എന്ന ബോക്സ് കളക്ഷൻ ഹബ്ബിലുണ്ടെന്നും പൊതുനിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം സംവിധാനം എന്ന നിലയിലാണ് ബിന്നുകൾ തയ്യാറാക്കിയതെന്നും ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ടി. രാജൻ പറഞ്ഞു.
മാലിന്യങ്ങൾ ബിന്നുകളിൽ നിറയുന്ന മുറയ്ക്ക് ശേഖരിക്കും. പിന്നീട് നിശ്ചിത അളവെത്തിയാൽ ഇവ കോർപറേഷന്റെ കളക്ഷൻ സെന്ററുകളിലേക്ക് മാറ്റും. നിലവിൽ ഇവിടുന്ന് തരം തിരിച്ച് ലഭിക്കുന്ന മാലിന്യങ്ങൾ നഗരസഭയുടെ വട്ടിയൂർക്കാവിലെ കളക്ഷൻ സെന്ററിലാണ് എത്തിക്കുക. രണ്ട് ജീവനക്കാർ ഷിഫ്ട് അടിസ്ഥാനത്തിൽ ഇരുപത്തിനാല് മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ മേൽനോട്ടം ഇല്ലെങ്കിൽ നിർദ്ദേശിച്ച വസ്തുക്കൾക്ക് പുറമെയുള്ള വസ്തുക്കൾ നിക്ഷേപിക്കാൻ സാദ്ധ്യതയുണ്ട്.
ഏകദേശം ഒരു ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വിജയകരമായാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നഗരസഭ വ്യാപിപ്പിക്കും. കളക്ഷൻ സെന്ററിലേക്ക് മാറ്റിയ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് തിരഞ്ഞെടുത്തവ മുട്ടത്തറയിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് സെന്ററിലേക്കാണ് മാറ്റുന്നത്. അവിടുന്ന് സംസ്കരിച്ച് ടാറിംഗിന് ഉപയോഗിക്കും. കളക്ഷൻ സെന്ററുകളിലേക്ക് മാറ്റുന്ന മറ്റ് വസ്തുക്കൾ റിസൈക്ലിംഗിനായി വിവധ കരാറുകാർ കൊണ്ടു പോകും.
എന്തൊക്കെ മാലിന്യങ്ങൾ നിക്ഷേപിക്കാം
മാലിന്യങ്ങൾ നിക്ഷേപിക്കാൻ വരുന്നവരോട് വൃത്തിയായി കഴുകി കൊണ്ടു വരണമെന്ന് പറയാറുണ്ട്, കൂടുതലും ചെരുപ്പുകളും ബാഗുകളും പ്ലാസ്റ്റിക്കുകളുമാണ് നിക്ഷേപിക്കുന്നത് . മണികണ്ഠൻ, (ജീവനക്കാരൻ)
പദ്ധതിക്ക് ജനങ്ങളിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വഴിയാത്രക്കാരുടെ കൈയിലുണ്ടാകുന്ന അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിച്ച കളക്ഷൻ ഹബ്ബിൽ പൊതുജനങ്ങളും ധാരാളമായി മാലിന്യങ്ങൾ നിക്ഷേപിക്കാൻ എത്തുന്നുണ്ട്. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുക എന്ന അവബോധം സൃഷ്ടിക്കാനുള്ള ലക്ഷ്യവും പദ്ധതിക്കുണ്ട്.
ടി. രാജൻ (ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ)
ആകർഷകമായ സമ്മാനങ്ങളും
കളക്ഷൻ ഹബ്ബിനോട് ചേർന്ന് ഒരുക്കിയ സെൽഫി പോയിന്റിൽ നിന്ന് സെൽഫിയെടുത്ത് സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലേക്ക് അപ്ലോഡ് ചെയ്യുന്നവർക്ക് നഗരസഭ ആകർഷകമായ സമ്മാനങ്ങൾ നൽകും. കളക്ഷൻ ഹബ്ബിൽ മാലിന്യ സംസ്കരണത്തെ സംബന്ധിച്ച ലളിതമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചോദ്യാവലി സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ശരിയുത്തരം നൽകുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും.