തിരുവനന്തപുരം: ഒടുവിൽ പഴവിളയും പോയി. ഓർമ്മകളിൽ കവിയുടെ തീക്ഷ്ണമുഖവും മറയില്ലാത്ത സ്നേഹവും ജീവിതം നിറഞ്ഞ കവിതകളും മാത്രം ബാക്കി. തിരുവനന്തപുരത്തെ സ്നേഹിച്ച്, ഇവിടെ വാസമുറപ്പിച്ച്, മറ്റിടങ്ങളിൽ നിന്ന് ഇവിടെ എത്തുന്ന സുഹൃത്തുക്കളെ ഒപ്പം താമസിപ്പിച്ച ഒരാൾ. അവരിൽ മിക്കവരും മുൻപെ പറന്നുപോയി. ഒടുവിൽ പഴവിള രമേശനും. ആദ്യം പനവിളയിലായിരുന്നു പഴവിള താമസിച്ചിരുന്നത്. തിരുവനന്തപുരത്തെത്തിയാൽ ഒ.വി. വിജയനും എം.ടി. വാസുദേവൻ നായരും ടി. പത്മനാഭനുമൊക്കെ താമസിച്ചിരുന്നത് അവിടെയായിരുന്നു. കവി അയ്യപ്പന് പ്രത്യേകമായി ഒരുമുറി തന്നെ നൽകിയിരുന്നു. കവിത, കഥ, വിപ്ളവം... ചെങ്കനൽ കടഞ്ഞ ചർച്ചകൾ.
പ്രതാപശാലികളുടെ ആ പഴയ സംഘത്തിന്റെ ചർച്ചയെ പറ്റി ഓർമ്മയിലെ ശബ്ദങ്ങൾ എന്ന കവിതയിൽ കവി ഓർക്കുന്നതിങ്ങനെയാണ്:
''തിരുവനന്തപുരത്തു
പട്ടത്തു കൊട്ടാര-
വളപ്പിൽ
ഉണ്ടായിരുന്ന ഹോട്ടൽ
ഇന്നില്ല.
അന്നവിടെ
നിരന്തരം
സമ്മേളിച്ചിരുന്നവരിൽ
പലരും
ഇന്നില്ല
എസ്.കെ. നായർ
മലയാറ്റൂർ
വയലാർ
ഒ.വി. വിജയൻ
ജി. അരവിന്ദൻ
കാമ്പിശേരി
തോപ്പിൽഭാസി
പി. ഭാസ്കരൻ
തകഴി
കേശവദേവ്
കെ. ബാലകൃഷ്ണൻ ''
ഹോട്ടലിലെ സംഭാഷണം ഒരു ഫ്ളാഷ് ബാക്കിലെന്ന പോലെ പഴവിള വിവരിക്കുന്നുണ്ട്. ''അടിയന്തരാവസ്ഥയിലെ പ്രധാനവികാരം ഭയം തന്നെയായിരുന്നു'' ഒ.വി. വിജയന്റെ ശബ്ദം
''അന്നൊക്കെ വൈകുന്നേരമായാൽ ദില്ലിയിലെ കേരളാ ഹൗസിൽ നിന്ന് വീട്ടിലേക്കു പോയിരുന്നത് വാച്ചും പേനയും പഴ്സും ആരെയെങ്കിലും ഏല്പിച്ചിട്ടായിരുന്നു''.
വിജയന്റെ വാക്കുകൾ ശ്രദ്ധിക്കാത്ത മട്ടിൽ ഏതോ കോണിൽ നിന്ന് കാമ്പിശ്ശേരി ''നമ്മുടെ സാഹിത്യത്തിലെ ആണും പെണ്ണും ആദ്യാവസാനക്കാരാകുന്ന ഒരു കെ.പി.എ.സി നാടകമാണ് എന്റെ സ്വപ്നം. അഭിനയം പൊടിപൊടിക്കും''
മലയാറ്റൂർ: ''ആരാണ് സാഹിത്യത്തിലെ ആണും പെണ്ണും?.....
പിറകെ തകഴിയുടെ അവശമായ ശബ്ദം ''കയർ എഴുതിത്തീരാറായി ആയിരം പേജ് കവിയുമെന്നതുകൊണ്ട് ഒരു എരപ്പാളിയും കൈയേൽക്കുമെന്നു തോന്നുന്നില്ല.''
കേശവദേവ്: ''എടാ എന്റെ അയൽക്കാരുടെ ഗതി''
തകഴി: ''അതിനിടയ്ക്ക് അവന്റെ ഒരു അയൽക്കാരൻ''
എസ്.കെ. നായർ: "മലയാള നാടല്ലാത്ത ഞാനൊരു പുതിയവാരിക കൂടി തുടങ്ങുന്നു.....
കെ. ബാലകൃഷ്ണൻ: ''ലോകാവസാനം വരെ പത്രം നടത്താൻ പറ്റിയ വഴി ഒന്നു കൂടി വേണം. പത്രത്തിൽ നിന്ന് വായനക്കാരെക്കൂടി ഒഴിവാക്കണം''
വയലാർ: ''അരവിന്ദന്റെ കാഞ്ചനസീത എന്ന സിനിമയിൽ പ്രജകളില്ലേ''
അരവിന്ദൻ: ''രാജാവുള്ളപ്പോൾ എന്തിനാണ് പ്രജകൾ പ്രത്യേകം......''
പഴവിള അവസാന നാളുകളിൽ നളന്ദയിലെ വീട്ടിലിരുന്ന് എഴുതിയ കവിതകളിലൊന്നിലാണ് ഓർമ്മകൾ അലയടിച്ചു വരുന്നത്. സുഹൃത്തുക്കളുടെ വാക്പ്രയോഗങ്ങൾ പോലും ഓർത്തെഴുതാൻ പഴവിളയ്ക്കു മാത്രമെ കഴിഞ്ഞുള്ളൂ.
'ജനനം പോലെ ജീവിതം പോലെ മരണം പോലെ നികുഞ്ജവും' എന്ന കവിതയിലും നിറയുന്നത് തിരുവനന്തപുരവും സാഹിത്യകാരന്മാരുമാണ്.
''നികുഞ്ജം വഴുതക്കാട്ടെ ടാഗോർ സെന്റിനറി ഹാളിനും ശ്രീമൂലം ക്ലബിനും എതിർവശത്തായി ഇന്നും പണിതീർന്നിട്ടില്ലാത്ത ബേക്കർ മോഡൽ കെട്ടിടം....
നികുഞ്ജത്തിന്റെ നിർമ്മാണച്ചുമതല
ചിത്രകാരനും ശില്പിയുമായ എം.വി. ദേവനായിരുന്നു...
പുരുഷോത്തമനുണ്ടെങ്കിൽ അടൂർ ഗോപാലകൃഷ്ണനോ പത്മരാജനോ നികുഞ്ജത്തിൽ നിശ്ചയം.
.... കൂട്ടത്തിൽ കൂട്ടുപിരിയാത്തവരെപ്പോലെ അയ്യപ്പപ്പണിക്കരും പി.കെ. ബാലകൃഷ്ണനും. ചില ദിവസങ്ങളിൽ നികുഞ്ജത്തിനു മുന്നിൽ എത്തുമ്പോൾ അയ്യപ്പപ്പണിക്കർ മുറ്റത്തു നിൽക്കുന്ന ഏതെങ്കിലും പരിചയക്കാരനെ ഒറ്റവിരലുയർത്തി അടുത്തേക്കു വിളിച്ചു ചോദിക്കും ലങ്കാധിപൻ അകത്തുണ്ടോ?
സി.എൻ. ശ്രീകണ്ഠൻ നായർ അകത്തുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാകും അന്വേഷണം. ചോദിച്ചു തീരാത്ത താമസം കൊടിയേറ്റം ഗോപിയോ കാവാലമോ അയ്യപ്പപ്പണിക്കരെയും പി.കെ.ബിയെയും പ്രതീക്ഷിച്ചതുപോലെ മുറ്റത്തെത്തി ആനയിച്ചുകൊണ്ടൊരു പോക്കാണ്!'' പത്മരാജൻ, സേതു, എം.ജി. രാധാകൃഷ്ണൻ, കടമ്മനിട്ട, സുരാസു, ജോൺ എബ്രഹാം, ഭരതൻ എല്ലാവരും ഈ കവിതയിലുണ്ട്
പഴവിള ഒടുവിലെഴുതിയ കവിതകളിലേറെയും ഓർമ്മകളോ ഓർമ്മപ്പെടുത്തലുകളോ ആയിരുന്നു. ചതുപ്പിൽ തലസ്ഥാന വിവരണം ഇങ്ങനെ
പണ്ടു രാജാക്കന്മാരുടെയും
രാജ കിങ്കരന്മാരുടെയും
ആസ്ഥാനമായിരുന്നു
ഈ തലസ്ഥാനം
ഇന്ന്
മന്ത്രിമാരുടെയും
ഐ.എ.എസ് ഐരാവതങ്ങളുടെയും
ആസ്ഥാനം.
ജീവിതത്തെ എന്തു കൊണ്ടു ഗുണിച്ചാലാണു ഗുണനഫലമായ മരണം ലഭിക്കുക? എന്നു ചോദിച്ച കവി തലസ്ഥാനത്തിന് ഇത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്ന് മരണത്തിലൂടെ തെളിയിച്ചു. ഒരു പിടി പുഷ്പം വിതറി തൊഴുതു നിൽക്കാൻ വൈലോപ്പിള്ളിയിലേക്ക് എത്തിയവരിൽ എല്ലാ മേഖലയിലുമുള്ളവരുണ്ടായിരുന്നു. ഒടുവിൽ വിതുമ്പലുകൾ കടന്ന് ശ്മശാനത്തിന്റെ വിദ്യുദ്ജ്വാലകളിലേക്ക്...