കോഴിക്കോട്: ശിവയെന്ന ആദിവാസി സ്ത്രീയെ 28 വർഷമായി അടിമവേല ചെയ്യിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് വനിതാ കമ്മിഷൻ അംഗം എം.എസ്. താര പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷൻ കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ പരാതികൾ പരിഗണിക്കുകയായിരുന്നു അവർ.അട്ടപ്പാടി സ്വദേശിനിയായ പെൺകുട്ടിയെ പതിനൊന്ന് വയസുള്ളപ്പോഴാണ് കോഴിക്കോട് കല്ലായിയിലെ ഗീതാലയത്തിൽ വീട്ട് ജോലിക്കായി കൊണ്ട് വന്നത്. അതിന് ശേഷം അവരെ വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. ഇത്രയും കാലം ശമ്പളം പോലും നൽകാതെയാണ് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഒരു പൊലിസ് ഉദ്യോഗസ്ഥനെതിരെ കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് കമ്മിഷൻ നിർദ്ദേശം നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ തെളിവായി വീഡിയോ ക്ലിപ്പിംഗ് ഉൾപ്പെടെ നൽകിയിട്ടും നിസാര വകുപ്പ് ചുമത്തിയത് ശരിയായ നടപടിയല്ലെന്ന് കമ്മിഷൻ പറഞ്ഞു. തെളിവെടുത്ത് പുനരന്വേഷണം നടത്തി കമ്മിഷനെ അറിയിക്കാനും, അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് നിർദ്ദേശം. വനിതാ സെൽ സി.ഐ ഉമാദേവി, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനി. കെ, രജനി, അഭിഭാഷകരായ മിനി, പ്രസന്ന, റീന സുകുമാരൻ എന്നിവരും പങ്കെടുത്തു.