ആഗസ്റ്റ് 15 ന് ബോക്സോഫീസിൽ സൂര്യ,മോഹൻലാൽ, പ്രഭാസ് മത്സരം.സൂര്യയും മോഹൻലാലും ഒന്നിക്കുന്ന കാപ്പാനും പ്രഭാസിന്റെ സാഹോയും ഈ ദിവസമാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.ബാഹുബലി 2വിനുശേഷം പ്രഭാസ് നായകനാവുന്ന സാഹോ മലയാളത്തിലും ഡബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ പതിപ്പുകളിലും തിയേറ്ററുകളിലെത്തും.
റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീതാണ് ചിത്രം സംവിധാനം ചെയ്യുന്നത്.യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ മലയാള ചലച്ചിത്ര താരം ലാലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ശ്രദ്ധാ കപൂർ,ജാക്കി ഷെറോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, മുരളി ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം ആർ.മഥി. 300 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സാഹോ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിട്ടാണ് അവതരിപ്പിക്കുന്നത്. 2017 ജൂണിലാണ് സാഹോയുടെ ചിത്രീകരണം ആരംഭിച്ചത്.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സഹോയുടെ ട്രെയ് ലർ ഇതോടകം വൈറലാണ്..
കാപ്പാനും ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്.തമിഴിന് പുറമേ ഇതിന്റെ തെലുങ്ക് പതിപ്പും തിയേറ്ററിലെത്തുന്നുണ്ട്.എസ്.പി.ജി കമാൻഡോയായിട്ടാണ് സൂര്യ ചിത്രത്തിലെത്തുന്നത്.അതേ സമയം പ്രധാനമന്ത്രിയുടെ റോളിലാണ് മോഹൻലാൽ. സായേഷ സൈഗാൾ,ഷംനാ കാസിം,ആര്യ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ലൈക്കാ പ്രൊഡക് ഷൻസാണ് നിർമ്മിക്കുന്നത്.