പൊതുവെ ദാഹം കുറഞ്ഞ കാലമാണ് മഴക്കാലം. അതിനാൽത്തന്നെ വേനൽക്കാലത്ത് കുടിച്ചിരുന്നതിന്റെ നാലിലൊന്ന് വെള്ളം പോലും കുടിക്കാറില്ല പലരും. ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ദാഹമില്ലെങ്കിൽപ്പോലും ദിവസം ആറു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും അണുബാധകളെ പ്രതിരോധിക്കാനും സാധിക്കും. തിളപ്പിച്ചാറിയ വെള്ളമോ ഇളം ചൂടുള്ള വെള്ളമോ കുടിക്കുന്നത് നല്ലതാണ്. പുലർച്ചെ ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് പനി, ജലദോഷം, കഫക്കെട്ട് എന്നിവയെ പ്രതിരോധിക്കും.
ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം പൂർണമായും ഒഴിവാക്കണം. മഴക്കാലം വാത സംബന്ധമായ രോഗങ്ങളും സന്ധിവേദനകളും വർദ്ധിക്കുന്ന സമയം കൂടിയാണ്. തണുത്ത വെള്ളം കുടിക്കുന്നത് ഇത്തരം വേദനകൾ വർദ്ധിപ്പിക്കും. ജലജന്യരോഗങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ നന്നായി തിളപ്പിച്ച് തണുപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ. വൃത്തിയുള്ള കടകളിൽ മാത്രമേ അത്യാവശ്യഘട്ടങ്ങളിൽ പോലും ജ്യൂസുകൾ കഴിക്കാവൂ.