കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴിനാട്ടിൽ നിന്നും കണ്ടെത്തി, നവാസുമായി ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് തിരിച്ചു
കൊച്ചി : മൂന്ന് ദിവസം മുൻപ് കൊച്ചിയിൽ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട്ടിലെ കരൂരിൽ നിന്നും കണ്ടെത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെ റെയിൽവേ പൊലീസാണ് നവാസിനെ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നവാസ് വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുകയും വൈകിട്ടോടെ കൊച്ചിയിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. പാലക്കാട് നിന്നും കേരള പൊലീസിന്റെ ഒരു സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നവാസിനെ പൊലീസ് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊച്ചി സെൻട്രൽ സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടറായ നവാസിനെ കാണാനില്ലെന്ന വാർത്ത പുറംലോകമറിഞ്ഞത്. നവാസിനെ കാണാനില്ലെന്ന് ഭാര്യയാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയായിരുന്നു. ഇതിനിടെ നവാസ് കായംകുളത്ത് എത്തി എന്ന സൂചന സുഹൃത്ത് നൽകിയിരുന്നു. അന്വേഷണത്തിൽ കായംകുളത്തു നിന്ന് നവാസ് കെ.എസ്.ആർ.ടി.സി ബസിൽ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ബസിന്റെ കണ്ടക്ടറെ കണ്ടെത്തി മൊഴിയെടുത്തപ്പോൾ നവാസ് കൊല്ലത്തിറങ്ങിയെന്ന് വ്യക്തമായി. പിന്നീട് എങ്ങോട്ട് പോയെന്ന് കണ്ടെത്താനായില്ല. തെക്കൻ കേരളത്തിൽ എവിടെയെങ്കിലും നവാസുണ്ടാവും എന്ന ഉറപ്പിലാണ് പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. അതേസമയം തമിഴ്നാട്ടിലെ രാമനാഥപുരത്തും രാമേശ്വരത്തും സന്ദർശനം നടത്തി തിരികെ കേരളത്തിലേക്ക് വരുകയായിരുന്നു എന്ന് നവാസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.