modi-trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയുടെ 29 ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താനൊരുങ്ങുകയാണ് ഇന്ത്യ. ബദാം, വാൾനട്ട്, പയർ വർഗങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് നികുതി വർദ്ധിപ്പിക്കുന്നത്. ഇന്ത്യയുടെ സ്റ്റീൽ,അലുമിനിയം ഉൽപ്പന്നങ്ങൾക്ക് അമേരിക്ക നികുതി കൂട്ടിയിരുന്നു. ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും എടുത്ത് കളഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ നീക്കം.

ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. ഇന്ത്യയുടെ സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും അലൂമിനിയം ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനവുമാണ് അധിക നികുതി ചുമത്തിയത്. 16746.84 കോടി രൂപയുടെ അധിക കയറ്റുമതിച്ചെലവ് ഇതുമൂലം ഇന്ത്യക്കുണ്ടായി. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപന്നങ്ങളുടെ നികുതി വർദ്ധിപ്പിക്കാൻ ഇന്ത്യ കഴിഞ്ഞ വർഷം തന്നെ തീരുമാനിച്ചു.

ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനമന്ത്രാലയം ഉടൻ ഇറക്കും. തീരുമാനം നടപ്പിലാക്കിയാൽ 1513.84 കോടിരൂപയുടെ അധിക നികുതി ഇന്ത്യക്ക് ലഭിക്കും. സ്റ്റീൽ അലുമിനിയം ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ച അമേരിക്കൻ നടപടിക്കെതിരെ ഇന്ത്യ നൽകിയ പരാതി ലോക വ്യാപാര സംഘടനയുടെ പരിഗണനയിലുണ്ട്.

അമേരിക്കൻ പേപ്പർ ഉത്പ്പന്നങ്ങളും ഹാർളി ഡേവിഡ്സൺ മോട്ടോർസൈക്കിളുകളും പോലുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ അനാവശ്യ നികുതി ഏർപ്പെടുത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. ഇന്ത്യ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഇത്തരം നിലപാടുകൾ മൂലം കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്കക്ക് നഷ്ടമാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. അനേകം രാജ്യങ്ങൾ ഇങ്ങനെ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമർശിച്ചു.

അതേസമയം, തന്റെ ഭരണത്തിൻ കീഴിലുള്ള രാജ്യത്തെ ഇനിയുമേറെ കാലം വി‍ഡ്ഢികളാക്കാൻ താനനുവദിക്കില്ലെന്നും ചില രാജ്യങ്ങൾ അവർക്ക് കൊള്ളയടിക്കാനുള്ള ബാങ്കായാണ് അമേരിക്കയെ കാണുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശമാദ്ധ്യമവുമായുളള അഭിമുഖത്തിലാണ് ട്രംപ് തുറന്നടിച്ചത്. പിന്നീട് തന്റെ ഒരു നല്ല സുഹൃത്ത് നരേന്ദ്രമോദി എന്ന് അഭിസംബോധന ചെയ്താണ് ഇന്ത്യയെക്കുറിച്ച് പരാമർശിച്ചത്.

യു.എസ് ഇന്ത്യയിലേക്കയക്കുന്ന മോട്ടോർ ബൈക്കുകൾക്ക് നൂറ് ശതമാനം തീരുവ, ഇന്ത്യ തിരിച്ചയക്കുന്നവയ്ക്ക് തീരുവയില്ല. ഞാൻ മോദിയെ വിളിച്ചു, ഇത് സാധ്യമല്ലെന്ന് പറഞ്ഞു. അങ്ങനെ ആ ഒറ്റക്കോളിൽ മോദി കുറച്ചത് 50 ശതമാനമാണ്. തീരുവയില്ലായ്മയും 50 ശതമാനവും സമാനമല്ലാത്തതിനാൽ അതും സ്വീകാര്യമല്ലെന്ന് പറഞ്ഞു. അവിടെ ചർച്ചകൾ നടക്കുന്നു എന്നാണ് ഇന്ത്യ–യു.എസ് നികുതിചർച്ചകളെക്കുറിച്ച് ട്രംപ് പറഞ്ഞത്.