ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച പാക് പരസ്യത്തിൽ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. പരസ്പരമുള്ള കളിയാക്കലിനെ സ്പോട്സ്മാൻ സ്പിരിറ്റിൽ കാണണമെന്നും ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്നും തരൂർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടി.വിയുടേതാണ് ഇന്ത്യ-പാകിസ്ഥാൻ കളിയെ കുറിച്ചുള്ള പരസ്യം. ഇന്ത്യൻ വ്യോമാതിർത്തി മറി കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലകപ്പെട്ട അഭിനന്ദൻ പാക് സൈന്യത്തോട് ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പാക് പരസ്യം.
പാകിസ്ഥാൻ സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിർമിച്ചിരിക്കുന്നത്. ടോസ് നേടിയാൽ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോൾ അയാം സോറി, അക്കാര്യം പറയാൻ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയിൽ അഭിനന്ദൻ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു.
ഒടുവിൽ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു. എങ്കിൽ നിങ്ങൾക്ക് പോകാമെന്ന് പറയുമ്പോൾ കപ്പുമായി എഴുന്നേൽക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.