ന്യൂഡൽഹി: താൻ മുഖ്യമന്ത്രിയും നരേന്ദ്ര മോദി പ്രധാനമന്ത്രിയുമായതിനാൽ തങ്ങൾക്ക് ഇരുവർക്കും ഒന്നിച്ച് പ്രവർത്തിച്ചേ മതിയാകൂ എന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. സംസ്ഥാനത്തിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അതുകൊണ്ട് തന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ നല്ല ബന്ധം കാത്ത് സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ജഗൻ മോഹൻ പറഞ്ഞു. താൻ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിച്ചുണ്ടെന്നും ജഗൻമോഹൻ വെളിപ്പെടുത്തി. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജഗൻമോഹൻ ഇക്കാര്യം പറയുന്നത്.
പ്രധാനമന്ത്രി തിരുപ്പതി ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോൾ താൻ സ്വീകരിക്കാൻ ചെന്നത് അദ്ദേഹം പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം തന്റെ സംസ്ഥാനത്തേക്ക് വരുമ്പോൾ സ്വീകരിക്കേണ്ടത് താനാണെന്നും അദ്ദേഹത്തിന്റെ വരവ് ക്ഷേത്രദർശനത്തിന് വേണ്ടിയാകുമ്പോൾ എന്തുകൊണ്ടും താൻ തന്നെയാണ് സ്വീകരിക്കാൻ ചെല്ലേണ്ടതെന്നും പറഞ്ഞ് ജഗൻ മോഹൻ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ഓരോ തവണ പ്രധാനമന്ത്രിയെ കാണുമ്പോഴും താൻ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്ന കാര്യം സൂചിപ്പിക്കുമെന്നും മോദിയെ കണ്ടപ്പോൾ താനത് പറഞ്ഞുവെന്നും ജഗൻ പറഞ്ഞു. 'താങ്കളുടെ മനസലിയും എന്ന് ഞാൻ കരുതുന്നുവെന്നും' താൻ മോദിയോട് പറഞ്ഞതായും ജഗൻ മോഹൻ സൂചിപ്പിച്ചു. എന്നാൽ 353 സീറ്റിന് പകരം എൻ.ഡി.എയ്ക്ക് 250 സീറ്റുകളായിരുന്നു കിട്ടിയിരുന്നതെങ്കിൽ കഥ മാറിയേനെ എന്നും ജഗനാ മോഹൻ ഒാർമ്മിപ്പിച്ചു.