scindia-rahul

ല‌ക്‌നൗ: യു.പിയിൽ കോൺഗ്രസിന്റെ ലക്ഷ്യം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും ആരുമായും സഖ്യത്തിനില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. കോൺഗ്രസിന്റെ സംഘടന ശക്തി വർധിപ്പിക്കുക എന്നതിനാണ് മുൻതൂക്കം നൽകുന്നത്. സംസ്ഥാനത്തെ ആറര മാസത്തെ കോൺഗ്രസ് പ്രവർത്തനം നേതാക്കളുമായി വിശകലനം ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താഴെ തട്ടിൽ പാർട്ടി കെട്ടിപടുക്കാൻ കഠിനപ്രയത്‌നം തന്നെ വേണ്ടി വരുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. രണ്ടാഴ്ചക്ക് ശേഷം നടക്കുന്ന അടുത്ത യോഗത്തിൽ 12 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തും. ഒരു പാർട്ടിയുമായും സഖ്യമില്ലാതെ 2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും. രണ്ടാഴ്ചക്കകം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. വലിയ പ്രതീക്ഷകളോട് മത്സരത്തിനിറങ്ങിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി പോലും കോൺഗ്രസിനെ കൈവിട്ടു. ആശ്വാസം വിജയം നേടാനായത് സോണിയാ ഗാന്ധിയുടെ റായ് ബറേലിയിൽ മാത്രം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശ് കോൺഗ്രസിൽ കലഹം രൂക്ഷമാവുകയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്നനിലയിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അവലോകന യോഗം നടന്നിരുന്നു.