തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കർ രംഗത്ത്. വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച സ്വതന്ത്ര സംഥാനാർത്ഥി സി.ഒ.ടി നസീറിനെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഷംസീറിന്റെ പേര് ഉയർന്നു കേൾക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഗൗതമ ബുദ്ധന്റെയും മഹാത്മാ ഗാന്ധിയുടെയും അത്യുത്തമ ശിഷ്യന്മാരാണ് കണ്ണൂർ ജില്ലയിലെ മാർക്സിസ്റ്റ് നേതാക്കൾ. പ്രത്യേകിച്ച് പി വിജയൻ, പി ശശി, പി ജയരാജൻ മുതലായവർ. അതേ വിഭാഗത്തിലെ ഇളമുറക്കാരനാണ് സഖാവ് ഷംസീറെന്നാണ് ജയശങ്കറിന്റെ പരിഹാസം. കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്, പാർട്ടി വിട്ടു റിബലായി മത്സരിച്ച ഒരു കുലംകുത്തിയെ വെട്ടാൻ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാൽ ഒരാളും ഒരിക്കലും വിശ്വസിക്കില്ലെന്നും, ഇതേക്കുറിച്ച് പാർട്ടി നടത്തുന്ന അന്വേഷണത്തിൽ ഷംസീറിന്റെ നിരപരാധിത്വം തെളിയുമെന്നും ജയശങ്കർ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
സഖാവ് ഷംസീറിനെ അപകീർത്തിപ്പെടുത്താനുളള ശ്രമം അപലപനീയം.
വിപ്ലവ യുവജന നായകനും തലശേരി എമ്മല്ലെയുമായ സഖാവ് എഎൻ ഷംസീറിനെ കരിവാരത്തേക്കാൻ ചില തല്പര കക്ഷികളും പിന്തിരിപ്പൻ ബൂർഷ്വാ മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കുത്സിത ശ്രമം വിലപ്പോവില്ല.
ഗൗതമ ബുദ്ധന്റെയും മഹാത്മാ ഗാന്ധിയുടെയും അത്യുത്തമ ശിഷ്യന്മാരാണ് കണ്ണൂർ ജില്ലയിലെ മാർക്സിസ്റ്റ് നേതാക്കൾ. പ്രത്യേകിച്ച് പി വിജയൻ, പി ശശി, പി ജയരാജൻ മുതലായവർ. അതേ വിഭാഗത്തിലെ ഇളമുറക്കാരനാണ് സഖാവ് ഷംസീർ. മനസാ വാചാ ഒരക്രമവും ചെയ്യില്ല; ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല. കൊലപാതകം എന്നു കേൾക്കുന്നതേ പേടിയാണ്. പരമ സാത്വികൻ.
കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്, പാർട്ടി വിട്ടു റിബലായി മത്സരിച്ച ഒരു കുലംകുത്തിയെ വെട്ടാൻ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാൽ ഒരാളും ഒരിക്കലും വിശ്വസിക്കില്ല. ഇതേക്കുറിച്ച് പാർട്ടി നയോഗിച്ച രണ്ടംഗ കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. അതിൽ ഷംസീറിന്റെ നിരപരാധിത്വം തെളിയും. അതോടെ ദുരാരോപണങ്ങളുടെ മുനയൊടിയും.
ഇടതുപക്ഷ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഫാസിസ്റ്റ് അജണ്ടക്കെതിരെ സാംസ്‌കാരിക നായകരുടെ പ്രസ്താവന നാളെ പുറത്തുവരും.
#ഷംസീറിനൊപ്പം, വടിവാളിനെതിരെ