pinarayi-modi

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാത വികസനമടക്കം സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിലെ എതിർപ്പും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായ നിവേദനമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് സംസ്ഥാന സർക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് വിവരം.

വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടെ അത് സ്വകാര്യകമ്പനിക്ക് കൊടുക്കുന്നതിലെ വൈരുധ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തിൽ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്ന കാര്യവും ദേശീയപാത വികസനത്തിനുള്ള മുൻഗണനാ പട്ടികയിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കിയതും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടൊപ്പം രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് വരാനിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചു.

കൃഷി, ഗ്രാമവികസനം, നഗരവികസനം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികളും സംസ്ഥാനം നിർദേശിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയേയും മുഖ്യമന്ത്രി ഇന്ന് കാണും.