ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്ത് നമ്പർ വൺ ആയെങ്കിലും കേരളത്തിലെ ബിഗ് സീറോയായതിലെ കാരണം കണ്ടെത്താനൊരുങ്ങി അമിത്ഷാ. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഭരണം പിടിക്കാനുള്ള ശക്തി കൈവരിക്കാനാവണമെന്ന് ബി.ജെ.പിക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമെന്നവണ്ണം പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് ഉടൻ നടക്കും. നീണ്ട എട്ടുവർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ബി.ജെ.പി കേരള ഘടകത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനമായി സംഘടന തിരഞ്ഞെടുപ്പ് നടന്നപ്പോൾ വി.മുരളീധരനാണ് അദ്ധ്യക്ഷനായത്. ഇതിനുശേഷം ഒരു തവണകൂടി അദ്ദേഹത്തെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. മുരളീധരന് ശേഷമാണ് കുമ്മനം രാജശേഖരനെ പാർട്ടി അദ്ധ്യക്ഷനായി നോമിനേറ്റ് ചെയ്തത്. ആർ.എസ്.എസിന്റെ അതീവ താത്പര്യമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.
മിസോറാം ഗവർണറായി കുമ്മനം ചുമതല ഏറ്റതോടെയാണ് മുതിർന്ന നേതാവായ പി.എസ് ശ്രീധരൻ പിള്ളയെ താത്കാലിക അദ്ധ്യക്ഷനാക്കിമാറ്റുകയായിരുന്നു. അദ്ധ്യക്ഷ പദവിയിലേക്ക് പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ അവകാശവാദം ഉയർത്തിയതോടെയാണ് പി.എസ് ശ്രീധരൻ പിള്ളയ്ക്ക് നറുക്ക് വീണത്. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അടിത്തട്ടിലുൾപ്പടെ ശക്തമായ പിന്തുണ ഉറപ്പാക്കിയാലേ ശ്രീധരൻ പിള്ളയ്ക്ക് തത്സ്ഥാനത്ത് തുടരാനാവുകയുളളൂ. ലോക്സഭ തിരഞ്ഞെടുപ്പിലടക്കം പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനെതിരെ വിമർശനമുയർന്നിരുന്നു. ശ്രീധരൻ പിള്ളയ്‌ക്കൊപ്പം കെ.സുരേന്ദ്രൻ, എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്കാണ് അദ്ധ്യക്ഷ പദവിയേക്കുള്ള സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്.