doctors-strike

ന്യൂഡൽഹി: ബംഗാളിലെ ഡോക്ടർമാരുടെ സമരം പരിഗണിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അന്ത്യശാസനം നൽകി ഡൽഹി എയിംസിലെ(ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) ഡോക്ടർമാർ. അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എയിംസിലെ റസിഡന്റ് ഡോക്ടർമാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഋഷികേശ്, ഭോപ്പാൽ, ഭുവനേശ്വർ എന്നിവടങ്ങളിലെ എയിംസുകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും മമതയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പ്രശ്നം പരിഹരിക്കാനായി ബംഗാളിലെ ജൂനിയർ ഡോക്ടർമാരെ മമത ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഇവർ ക്ഷണം നിരസിക്കുകയാണ് ഉണ്ടായത്. ബംഗാളിൽ ഡോക്ടർമാരുടെ സമരം രൂക്ഷമാകുകയാണ് എന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ ഇവിടെ മുന്നൂറോളം സർക്കാർ ആശുപത്രി ഡോക്ടർമാർ രാജിവച്ചിട്ടുണ്ട്. 642 ഡോക്ടർമാർ രാജിസന്നദ്ധതയും അറിയിച്ചു. കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടർമാരും നഴ്സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരം ചെയ്യുന്ന ഡോക്ടർമാരുമായി ചർച്ചയ്ക്ക് തയാറല്ലെന്ന് മമത മുൻപ് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർമാർ സമരവുമായി മുന്നോട്ട് പോയത്.

ചികിത്സയിലായിരുന്ന രോഗി മരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ എൻ.ആർ.എസ് ആശുപത്രിയിലെ രണ്ട് ജൂനിയർ ഡോക്ടർമാർക്ക് മർദ്ദനമേറ്റിരുന്നു. രോഗിയുടെ ബന്ധുക്കളാണ് ചികിത്സാപ്പിഴവ് മൂലമാണ് രോഗി മരിച്ചതെന്നാരോപിച്ച് ഡോക്ടർമാരെ ക്രൂരമായി മർദ്ദിച്ചത്. ഈ സംഭവത്തെ തുടർന്നാണ് പ്രക്ഷോഭവുമായി ഡോക്ടർമാർ രംഗത്തിറങ്ങുന്നത്. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് മമത സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരുടെ സമരം.