red

''പ്രജീഷേ..."

മുറിയുടെ വാതിൽക്കൽ നിന്ന് ചന്ദ്രകല ഉറക്കെ വിളിച്ചു.

''ദാ വരുന്നു..." അയാളും അവിടേക്കു ചെന്നു. ''എന്താ?"

''നോക്കിക്കേ..."

ചന്ദ്രകല അകത്തേക്കു കൈചൂണ്ടി.

''ഈ മുറിയിൽ വെളിച്ചം കണ്ടുകൊണ്ടാ ഞാൻ ഇങ്ങോട്ടു വന്നത്..."

പ്രജീഷ് കണ്ടു, മുറിക്കുള്ളിലെ അലമാര തുറന്നു കിടക്കുന്നു. അതിനുള്ളിൽ ഇരുന്ന സാധനങ്ങൾ വലിച്ചുവാരി പുറത്തിട്ടിരിക്കുന്നു..!

എന്തോ തിരഞ്ഞതു പോലെയുണ്ട്.

''എനിക്കുറപ്പാ പ്രജീഷേ...

ഒന്നുകിൽ ഈ തറവാടിനുള്ളിൽ ആരോ ഉണ്ട്. അവർ തന്നെയാണ് അടുക്കളയിൽ ആ പണി കാണിച്ചതും."

ചന്ദ്രകലയുടെ ശ്വാസഗതിക്ക് വേഗതയേറിയിരുന്നു.

അവളുടെ ഓരോ അണുവിലും ഭയം ഒരു ഉരഗത്തെപ്പോലെ ഇഴഞ്ഞു തുടങ്ങി.

''ഏതോ കള്ളൻ തന്നെയാവും. പാഞ്ചാലിയുടെ മുറിയിൽ ഒരുപക്ഷേ അവളുടെ ആഭരണങ്ങളോ മറ്റോ ഉണ്ടെന്ന് കള്ളൻ കരുതിക്കാണും." പ്രജീഷ് നാവനക്കി.

അതു ശരിയായിരിക്കുമെന്ന് ചന്ദ്രകലയ്ക്കും തോന്നി.

എങ്കിലും അവർ ഇരുവരും ചേർന്ന് കോവിലകം മുഴുവൻ അരിച്ചുപെറുക്കി.

തട്ടിൻപുറം വരെ...

ധൈര്യത്തിന് പ്രജീഷ് ഒരു വെട്ടുകത്തിയും കയ്യിലെടുത്തിരുന്നു.

എന്നാൽ ഒരിടത്തും ഒന്നുമുള്ളതുപോലെ ഒരു സൂചന പോലും കിട്ടിയില്ല..

അവർ തിരികെ ബഡ്‌റൂമിൽ എത്തി.

വാതിൽ അകത്തുനിന്ന് അടച്ച് ലോക്കിട്ടു.

''എനിക്കെന്തോ വല്ലായ്മ തോന്നുന്നു പ്രജീഷേ... നമുക്ക് ഏതോ ഭയങ്കര വിപത്ത് വരാൻ പോകുന്നെന്ന്."

പ്രജീഷ് അവളെ ചേർത്തുപിടിച്ചു.

''നമുക്ക് എന്ത് ആപത്ത്?"

അവളുടെ വെണ്ണപോലെയുള്ള ഉടൽ വിറകൊള്ളുന്നത് അയാൾ അറിഞ്ഞു.

പ്രജീഷ്, അവളെ ഇറുകെ പുണർന്നുകൊണ്ട് ആ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു...

ചന്ദ്രകല തരളിതയാകുകയായിരുന്നു...

രാത്രി കനത്തു...

നല്ല മഞ്ഞുണ്ടായിരുന്നു.

ജനാലച്ചില്ലകളിൽ മഞ്ഞിൻ കണങ്ങൾ പുകപോലെ പറ്റിപ്പിടിച്ചു.

ഇടയ്ക്കിടെ കാറ്റു വീശി...

പ്രജീഷിന്റെ ചൂടുപറ്റി പുതപ്പിനുള്ളിലായിരുന്നു ചന്ദ്രകല. അയാളുടെ സാമിപ്യത്തിൽ താൻ ധൈര്യവതിയായിക്കഴിഞ്ഞുവെന്ന് അവൾക്കു തോന്നിയിരുന്നു. എല്ലാം മറന്നുള്ള ഗാഢനിദ്ര...

''മമ്മീ..."

പെട്ടെന്നാരോ വിളിച്ചതുപോലെ...

പാഞ്ചാലിയുടെ ശബ്ദം!

''ഞാനിങ്ങ് സ്വർഗ്ഗത്തിൽ വന്നു കേട്ടോ. പക്ഷേ നിങ്ങളെ അവന്റെ കൂടെ സന്തോഷത്തോടെ കഴിയാൻ ഞാൻ സമ്മതിക്കില്ല.... നിഴലായി സദാ പിന്നിലുണ്ടായിരിക്കും ഞാൻ. അല്ലെങ്കിൽ നിങ്ങളുടെ നിഴൽ തന്നെ ഇല്ലാതെയാകണം..."

പാഞ്ചാലിയുടെ ശബ്ദത്തിൽ പക തിളയ്ക്കുന്നു...

ചന്ദ്രകല ഞെട്ടിയുണർന്നു.

പുറത്തെ ലൈറ്റിന്റെ വെളിച്ചം മഞ്ഞിലൂടെ നേർത്ത് അകത്തേക്കു വരുന്നുണ്ട്.

അവൾ പ്രജീഷിന്റെ മുഖത്തേക്കു നോക്കി.

സംതൃപ്തിയോടെ സുഖസുക്ഷുബ്ധിയിൽ ആണ് അയാൾ. മുഖത്ത് ഒരു പുഞ്ചിരി തങ്ങിനിൽക്കുന്നു.

ചന്ദ്രകലയ്ക്ക് വല്ലാത്ത പാരവശ്യം തോന്നി.

പുതപ്പു നീക്കി അവൾ മെല്ലെ എഴുന്നേറ്റു.

മേശയിൽ ഗ്ളാസ് ജഗ്ഗിൽ വെള്ളം ഇരുപ്പുണ്ട്.

അവൾ അതുയർത്തി വായിലേക്കു ചരിച്ചു.

ആർത്തിയോടെ നാലഞ്ചു കവിൾ അകത്താക്കി. ശേഷം ദീർഘമായി നിശ്വസിച്ചുകൊണ്ട് ജഗ്ഗ് മേശപ്പുറത്തു തന്നെ വച്ചു.

വീണ്ടും ഉറങ്ങാനായി അവൾ കിടക്കയ്ക്കു നേരെ തിരിഞ്ഞു.

അടുത്ത നിമിഷം അവളുടെ കണ്ണുകൾ ജനാലച്ചില്ലയിൽ പതിഞ്ഞു.

തലയ്ക്കുള്ളിൽ ഇടിമിന്നൽ പുളഞ്ഞിറങ്ങിയതുപോലെ ഒരു ഞെട്ടൽ....

ഉള്ളിൽ നിന്നുയർന്ന നിലവിളി തൊണ്ടക്കുഴിയിൽ ചത്തുവീണു.

അവൾക്ക് അലറി വിളിച്ച് പ്രജീഷിനെ ഉണർത്തണമെന്നുണ്ട്...

പക്ഷേ കൈകാലുകൾ മഞ്ഞിൽ പുതഞ്ഞതുപോലെ...

വാ തുറന്നെങ്കിലും നാക്ക് ഒട്ടിപ്പോയതു പോലെ...

ജനാലയ്ക്കൽ ഒരു കറുത്ത നിഴൽ...

അത് അകത്തേക്കു തുറിച്ചു നോക്കി നിൽക്കുകയാണ്.

ചന്ദ്രകലയ്ക്കു ശ്വാസഗതിയേറി...

അപ്പോൾ കണ്ടു...

നിഴലിന്റെ കൈകൾ ഉയരുന്നു. അവയിൽ നീണ്ട നഖങ്ങളുണ്ടോ?

ജനാലയിൽ തടവുന്നതു പോലെയാണ് കൈകൾ ഉയരുന്നത്. ആ നിഴൽ കൈകൾ സ്വയം കഴുത്തിനു പിടിക്കുന്നു.

തന്നെ അങ്ങനെ ഞെരിച്ചു കൊല്ലുമെന്ന് കാണിക്കുകയാണോ?

നല്ല തണുപ്പിലും ചന്ദ്രകല കുടുകുടെ വിയർത്തു.

ഒന്ന് നിലവിളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...

അവസാനം.

ഒറ്റ അലർച്ച!

പ്രജീഷ് ഞെട്ടിയുണർന്നു.

ആ ക്ഷണം എന്തോ തറയിൽ വീഴുന്ന ഒച്ച....

മങ്ങിയ വെളിച്ചത്തിൽ പ്രജീഷ് കണ്ടു.. നിലത്തു കിടക്കുന്ന ചന്ദ്രകല!

(തുടരും)