കണ്ണൂർ: പണിമുടക്കി ഡോക്ടർമാർ സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ ടീച്ചർ പറഞ്ഞു. ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നിൽക്കുന്ന അവശ്യ സർവീസ് എന്ന നിലയിൽ ഡോക്ടർമാർ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ഡോക്ടർമാർ അത്തരമൊരു പണിമുടക്കിലേക്കു പോവില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊൽക്കത്തയിലെ ഡോക്ടർമാരോട് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച ഡോക്ടർമാർ രാജ്യവ്യാപകമായി സമരം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. അവകാശം സംരക്ഷണം മറ്റെല്ലാവർക്കും എന്ന പോലെ ഡോക്ടർമാർക്കും വേണ്ടതാണ്. അതിനായി ഒരു ദിവസത്തെ സൂചനാ സമരമൊക്കെ നടത്താം. എങ്കിൽപ്പോലും ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു അവശ്യ സർവീസ് ആണ് ഡോക്ടർമാരുടേത്.
സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോവുന്നവരല്ല കേരളത്തിലെ സർക്കാർ ഡോക്ടർമാർ എന്നതാണ് അനുഭവം. ചർച്ചകളിൽ പങ്കെടുത്ത് കാര്യങ്ങൾ മനസിലാക്കിയാണ് അവർ പ്രതികരിച്ചുകണ്ടിട്ടുള്ളത്. ദീർഘമായ ഒരു പണിമുടക്കിലേക്കു ഡോക്ടർമാർ പോവില്ലെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, നിപ വെെറസ് ആശങ്ക ഒഴിഞ്ഞെന്നും നിരീക്ഷണം ജൂലെെ 15വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പനി ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യ നില നന്നായി മെച്ചപ്പെട്ടെന്നും സാംപിളുകൾ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവായിരുന്നെന്നും കെ.കെ. ശെെലജ കൂട്ടിച്ചേർത്തു.