മുംബയ്: ഹിന്ദി നടൻ നാനാ പടേക്കർക്കെതിരെയുള്ള ബോളിവുഡ് നടി തനുശ്രീ ദത്തയുടെ ലൈംഗികാരോപണം വ്യാജമെന്നും ദുരുദ്ദേശത്തോട് കൂടിയുള്ളതെന്നും മുംബയ് പൊലീസിന്റെ റിപ്പോർട്ട്. കേസിലെ 'ബി' സംക്ഷിപ്ത റിപ്പോർട്ടിലാണ് മുംബയിലെ ഓഷിവാര പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. ആരോപണത്തിൽ നാനാ പടേക്കർ കുറ്റക്കാരനല്ലെന്ന് കാണിച്ചുകൊണ്ട് ഇന്നലെ മുംബയ് പൊലീസ് ക്ളീൻചിറ്റ് നൽകിയിരുന്നു. തെളിവില്ലെന്ന് കാണിച്ചാണ് പൊലീസ് തനുശ്രീ ദത്തയുടെ പരാതി തള്ളുന്നത്.
2008 മാർച്ച് 26നാണ് മുംബയിലെ ഗോറേഗാവൺ പൊലീസ് സ്റ്റേഷനിൽ തനുശ്രീ ദത്ത പരാതി നൽകുന്നത്. എന്നാൽ ഈ സമയത്ത് ലൈംഗികാരോപണം നടന്നതായി കേസിലെ 13 സാക്ഷികളിൽ ആരും പറഞ്ഞിട്ടില്ല എന്നാണ് ഓഷിവാര പൊലീസ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല നാനാ പടേക്കർ യാതൊരു രീതിയിലും തനുശ്രീയെ ഉപദ്രവിച്ചിട്ടില്ലെന്നും സാക്ഷികൾ പറയുന്നുണ്ട്. ഈ കാരണം കൊണ്ടാണ് തനുശ്രീയുടെ പരാതി വ്യാജമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
2008ൽ 'ഹോൺ ഓക്കേ പ്ലീസ്' എന്ന സിനിമയുടെ സെറ്റിൽ വച്ച് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞുകൊണ്ടാണ് തനുശ്രീ പരാതിയുമായി രംഗത്തെത്തുന്നത്. ഇതിനെ തുടർന്ന് സിനിമയുടെ നിർമ്മാതാവ്, കൊറിയോഗ്രാഫർ, സംവിധായൻ എന്നിവരെയും പരാമർശിച്ചുകൊണ്ട് തനുശ്രീ പൊലീസിൽ കേസ് നൽകിയിരുന്നു. സിനിമയുടെ സംവിധായകനായ സാമി സിദ്ധിഖി തനിക്ക് വൻ നഷ്ടം സംഭവിച്ചുവെന്നും അത് നികത്താനായി തനുശ്രീയ്ക്കെതിരെ താൻ കേസ് നൽകുമെന്നും പറഞ്ഞിരുന്നു.