കണ്ണൂർ : മേലുദ്യോഗസ്ഥന്റെ പീഡനത്തിൽ മാനസികമായി തകർന്ന് നാട് വിട്ട സി.ഐ നവാസിനെ കണ്ടെത്തിയെന്ന വാർത്ത കേൾക്കുമ്പോൾ സമാന അവസ്ഥയിൽ ജോലിയിൽ നിന്നും രാജിവയ്ക്കാനൊരുങ്ങുന്ന പൊലീസ് ഓഫീസറുടെ അവസ്ഥയും അറിയണം. കുറിച്യ വിഭാഗത്തിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫിസർ കെ.രതീഷാണ് മേലുദ്യോഗസ്ഥന്റെ പീഡനത്തിൽ മനംനൊന്ത് ജോലിവിടാൻ തീരുമാനിച്ചത്. ആരോപണങ്ങളെ തുടർന്ന് ഡ്യൂട്ടി ഡീറ്റെയിലിങ്ങ് വിഭാഗത്തിൽ നിന്ന് എസ്.ഐ പുരുഷോത്തമനെ മാറ്റാൻ തീരുമാനിച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തിനെതിരെ പൊലീസുകാർക്കിടയിൽ അതൃപ്തി പുകയുകയാണ്. പൊലീസ് അസോസിയേഷനോട് ചേർന്ന് പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുക ഈ എസ്.ഐയുടെ പതിവ് വിനോദമായിരുന്നത്രേ. ഇവർക്ക് ഡ്യൂട്ടിയിടുമ്പോൾ ദുഷ്‌കരമായ പ്രവർത്തികളായിരുന്നു നൽകിയിരുന്നത്.
നിരവധി തവണ ആത്മാഭിമാനം തകർക്കുന്ന വിധത്തിൽ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് രതീഷ് തന്റെ മേലുദ്യോഗസ്ഥനായ എസ്.ഐയ്‌ക്കെതിരെ പരാതി നൽകിയത്. എസ്.ഐ പുരുഷോത്തമനെ കൂടാതെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും രതീഷ് പരാതി നൽകിയിട്ടുണ്ട്. ഇതിലൊരാൾ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.