ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ചർച്ച ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികൾ ചർച്ച ചെയ്തുവെന്ന് ഗഡ്കരി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തിൽ മൂന്നോ നാലോ മടങ്ങ് കൂടുതലാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് പ്രൊജക്ടുകൾ സാമ്പത്തികമായി ലാഭകരമല്ല. ഇപ്പോൾ രണ്ട് വരി പാതയിൽ നിന്ന് ആറ് വരിയിലേക്കാണ് മാറുന്നത്. എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് ചർച്ച ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. അടുത്ത യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം നിതിൻ ഗഡ്കരിയെ കണ്ടത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.