school

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അരങ്ങു തകർക്കുമ്പോൾ ചുറ്റു മതിലുകളോ ഉറപ്പുള്ള മേൽക്കൂരയോ എത്താതെ അരക്ഷിതാവസ്ഥയിൽ തുടരുകയാണ് സംസ്ഥാനത്തെ ചില പിന്നോക്ക വിഭാഗ സ്‌കൂളുകൾ. ഒരുവശത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ യു പി സ്‌കൂളുകളിലും സ്മാർട്ട് റൂമുകൾ ആരംഭിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം തുടരുമ്പോൾ ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഒട്ടുമില്ലാതെ നോക്ക് കുത്തിയായി തുടരുകയാണ് ആദിവാസി കുട്ടികൾക്കായി പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ വിളപ്പിൽ ശാലയിലുള്ള ചെറുകോട് ട്രൈബൽ യു.പി സ്‌കൂൾ. തികച്ചും അരക്ഷിതമായ ചുറ്റുപാടിൽ ഏതു നിമിഷവും തകരാൻ സാധ്യതയുള്ള ആസ്ബസൈറ്റോസ് ഷീറ്റിട്ട ക്ലാസ് മുറിയിൽ തുടരാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ഇവിടത്തെ കുട്ടികൾ. എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ തൊട്ടടുത്ത ആദിവാസി സെറ്റിൽമെന്റിൽ പെട്ട കുട്ടികൾക്ക് വേണ്ടിയാണു സ്‌കൂൾ കഴിഞ്ഞ അമ്പതു വർഷമായി പ്രവർത്തിച്ചു വരുന്നത്.

ജൂലായിൽ എല്ലാ സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ ആരംഭിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകുമ്പോൾ ഈ സർക്കാർ ട്രൈബൽ സ്‌കൂളിൽ കുട്ടികളുടെ സുരക്ഷക്കായി ഒരു ചുറ്റു മതിൽ പോലുമില്ല. സ്‌കൂൾ സ്ഥിതി ചെയ്യുന്നതോ ഒരു കുന്നിന്റെ മുകളിൽ . ചുറ്റുപാടുമുള്ള സ്വകാര്യ വ്യക്തികൾ മൂന്നു വശത്തും കുന്നിലെ മണ്ണിടിച്ചു മാറ്റിയത് കാരണം ഒരു വലിയ തുരുത്ത് പോലെ ഉയരത്തിൽ ഏവരിലും ഭീതി ജനിപ്പിച്ചു നിൽക്കുന്ന സ്‌കൂളിന്റെ ചുറ്റും അഗാധ ഗർത്തങ്ങളാണ്. അതുകൊണ്ടു തന്നെ ഇടവേളകളിൽ കുട്ടികളെ പുറത്തു വിടുവാൻ പോലും അധ്യാപികമാർക്കു ഭയമാണ്. ക്ലാസ് മുറികളോ ഒറ്റ വരിയായുള്ള കെട്ടിടത്തിലും. ഇതാകട്ടെ എല്ലാ നിയമങ്ങളും ലംഘിച്ചു ആസ്ബസ്‌ടോസ് ഷീറ്റുകൾ പാകിയ ഒരെണ്ണം. കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ കനത്ത മഴയോ കാറ്റോ പ്രകൃതിക്ഷോഭങ്ങളോ ഉണ്ടായാൽ അത് ഭീഷണിയാകുക കുട്ടികൾക്കാണെന്നു അധികൃതർക്ക് വ്യക്തമായിട്ടറിയാം. ഓരോ അധ്യായന വർഷത്തിന്റെയും തുടക്കത്തിൽ സർക്കാർ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധിച്ചു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം. പക്ഷെ ഇവിടെ ആസ്ബസ്റ്റോസ് ഷീറ്റു മാത്രം പാകിയ സ്‌കൂൾ കെട്ടിടത്തിന് എല്ലാ വർഷവും ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കാം. കുട്ടികളുടെ സുരക്ഷക്ക് സ്‌കൂളിന്റെ മേൽനോട്ട ചുമതലയുള്ള വിളപ്പിൽ ഗ്രാമ പഞ്ചായത്തു ഒരു വിലയും കല്പിക്കുന്നില്ല എന്നും വ്യക്തമാകുന്നു. പഞ്ചായത്തിലെ മരമാണ് വിഭാഗം ഉദ്യോഗസ്ഥർ സ്‌കൂളിൽ വർഷാ വർഷം നടത്തേണ്ട സുരക്ഷാ പരിശോധന ഇത്തവണയും നടത്താൻ മിനകെട്ടിട്ടില്ല.

school

കുട്ടികൾക്കായി സ്‌കൂളിന് പിന്നിൽ കുറച്ചുള്ള സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന കളിസ്ഥലത്തെ സാമഗ്രികളും ആകെ തുരുമ്പെടുത്തു അപകടാവസ്ഥയിലാണ്. ഊഞ്ഞാൽ തുരുമ്പെടുത്തു ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. അപകടകരമായ വിധത്തിൽ ഒരു കിണറും ഇവിടെ ചുറ്റുമതിലില്ലാതെ. മൂടിയിട്ടിരിക്കുന്നു. എന്തുകൊണ്ടും ഒരു സർക്കാർ വിദ്യാലയത്തോടു കാട്ടാൻ പാടില്ലാത്ത അവഗണനയാണ് ചെറുകോട് എൽ പി സ്‌കൂളിന് നേരിടേണ്ടി വന്നതെന്ന് വ്യക്തം.

ഇടയ്ക്കു പട്ടിക ജാതി മന്ത്രിയുടെ ഫണ്ടിൽ നിന്നും സ്‌കൂൾ നവീകരിക്കാൻ 50 ലക്ഷം രൂപ ഉറപ്പു നൽകിയിരുന്നു എന്നാണ് പഞ്ചായത്തു അംഗത്തിന്റെ അവകാശവാദം. പക്ഷെ പുതുക്കി പണിയാൻ സ്‌കൂൾ പൊളിക്കണം. പൊളിച്ചാൽ പഠിക്കുന്ന കുട്ടികൾ തിരികെ വരുമെന്ന് ഉറപ്പില്ല. കുട്ടികളെ മറ്റെങ്ങോട്ടെങ്കിലും മാറ്റി പഠിപ്പിക്കുവാനും സ്ഥല സൗകര്യമില്ല. അത് കൊണ്ടാണ് സ്‌കൂൾ പൊളിക്കാത്തതെന്നാണ് പഞ്ചായത്ത് അംഗത്തിന്റെ നിലപാട്.

school

ഈ സർക്കാർ സ്‌കൂളിന്റെ പരിതാപരമായ അവസ്ഥ അക്കമിട്ടു നിരത്തിയതോടെ ചുറ്റുമതിൽ ഉടൻ നിർമിക്കാമെന്ന ഉറപ്പും പഞ്ചായത്ത് അധികൃതർ നൽകി. നീർത്തട പദ്ധതിയുടെ ഉപ പദ്ധതിയായി 2 കോടി രൂപ ചിലവഴിച്ചു സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കാമെന്നും തിരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് പദ്ധതി പ്രഖ്യാപിക്കാത്തതെന്നും പഞ്ചായത്ത് അംഗം സി മണിയൻ അറിയിച്ചു.