ന്യൂഡൽഹി: മെട്രോമാൻ ഇ.ശ്രീധരന് മറുപടിയുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി.സ്ത്രീകൾക്ക് ഡൽഹി മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സിസോദിയ രംഗത്തെത്തിയത്. ഡൽഹി മെട്രോ ഇപ്പോൾ തന്നെ നഷ്ടത്തിലാണെന്നും അതിനെ കരകയറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും സിസോദിയ പറഞ്ഞു.
‘ഞാൻ ശ്രീധരൻ സാഹിബിന് കത്തെഴുതിയിട്ടുണ്ട്. ഡൽഹി മെട്രോ നഷ്ടത്തിലാണ് ഓടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ദിവസം 40 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് മെട്രോയ്ക്കുള്ളത്. പക്ഷേ നിലവിൽ വെറും 25 ലക്ഷം യാത്രക്കാരെ മാത്രമാണ് കൊണ്ടുപോകുന്നത്.’ സിസോദിയ മാദ്ധ്യമങ്ങളോടു പറഞ്ഞു.
സ്ത്രീകൾക്ക് മെട്രോയിൽ സൗജന്യ യാത്ര അനുവദിയ്ക്കുന്നത് മെട്രോയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിയ്ക്കാനുള്ള ഞങ്ങളുടെ നിർദേശം മെട്രോക്ക് ഗുണകരമാകും. അതിൽ കൂടുതൽ ആളുകൾ കയറുകയും ചാർജ് കുറയുകയും ചെയ്യും. സ്ത്രീ യാത്രയ്ക്കാരുടെ ചെലവ് ഡൽഹി സർക്കാർ വഹിക്കുകയാണെങ്കിൽ മെട്രോയ്ക്ക് സന്തോഷമാകും.’ അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനംഡൽഹി മെട്രോയെ കടക്കെണിയിലെത്തിക്കുമെന്നും തീരുമാനം നടപ്പിലാക്കാൻ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇ. ശ്രീധരൻ കത്ത് അയച്ചിരുന്നു. ഡൽഹി സർക്കാരിനും കേന്ദ്രത്തിനും തുല്യ പങ്കാളിത്തമുള്ള ഡി.എം.ആർ.സിയിൽ ഒരാൾക്ക് മാത്രം ഏകപക്ഷീയമായ തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവർത്തനമാരംഭിച്ചപ്പോൾത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാൻ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണെന്നും ഇ. ശ്രീധരൻ പറഞ്ഞിരുന്നു.