26 വർഷമായി ഭക്ഷണശാല നടത്തുകയാണ് ലക്ഷ്മി നാരായൺ ഘോഷ്. ബംഗാളിലെ വടക്കൻ കൊൽക്കത്തയിലുള്ള മാണിക്ക്തലയിലാണ് ഇയാൾ കച്ചോരിഎന്ന് പേരുള്ള ഒരുതരം സമോസ വിൽക്കുന്നത്. ഇത്രയും കാലമായി നടത്തുന്നു എന്നതിലുപരി ഈ കടയ്‌ക്കൊരു പ്രത്യേകതയുണ്ട്. കട തുടങ്ങിയപ്പോൾ മുതൽ വെറും 25 പൈസയ്ക്കാണ് നാരായൺ ഘോഷ് ഭക്ഷണം വിൽക്കുന്നത്. സ്കൂൾ കുട്ടികൾക്കാണ് ഈ നിരക്കിൽ പലഹാരം വിൽക്കുന്നത്. എന്നാൽ ഇതേ ആഹാരം മുതിർന്നവർക്ക് വിൽക്കുമ്പോൾ ഘോഷ് ചാർജ് അൽപ്പം കൂട്ടും. 50 പൈസയാണ് ഒരു പ്ലേറ്റ് കച്ചോരിക്ക് മുതിർന്നവരിൽ നിന്നും ഈടാക്കുക പണം.
ജ്യോതി ബസുവിന്റെ കീഴിലുള്ള സി.പി.എം സർക്കാരിന്റെ കാലത്താണ് ലക്ഷ്മി നാരായൺ ഘോഷ് ഈ കട ആരംഭിക്കുന്നത്. അന്ന് മുതൽ ഇന്നുവരെ വിലയുടെ കാര്യത്തിൽ നാരായൺ ഘോഷ് മുന്നിലേക്കോ പിന്നിലേക്കോ പോയിട്ടില്ല. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഘോഷ് തന്റെ കടയിലെത്തും. അപ്പോഴേക്കും വിശന്ന് വലഞ്ഞ നാട്ടുകാർ ഘോഷിന്റെ വരവും കാത്ത് കടയ്ക്കു മുന്നിൽ ഒത്തുകൂടിയിട്ടുണ്ടാവും. തന്റെ കടയ്ക്ക് മുന്നിൽ കാത്തിരിക്കുന്നവരെ ഒട്ടും മുഷിപ്പിക്കാതെ, അൽപ്പസമയം കൊണ്ട്, 'ചൂടപ്പം പോലെ' ഈ പലഹാരം ഘോഷ് തയാറാക്കും. മറ്റു ജോലിക്കൊന്നും പോകാതെ 10 മണി വരെ പോലും ഘോഷിന്റെ കച്ചോരി കഴിക്കാൻ ഇവർ കാത്തുനിൽക്കും.
'ഞാൻ വില കൂട്ടുകയാണെങ്കിൽ എല്ലാവർക്കും വിഷമമാകും. എല്ലാവരും ഇവിടെ അടുത്ത് തന്നെ ഉള്ളവരാണ്. കാലാകാലങ്ങളായി അവർ രാവിലെ ഇവിടെ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികളും ഇവിടുന്നുതന്നെ ഭക്ഷണം കഴിക്കും. അത് കാണുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.' തന്റെ ചിരി മറച്ചുവയ്ക്കാനാകാതെ ഘോഷ് പറയുന്നു.
രാവിലെ വിൽപ്പന കഴിഞ്ഞ് കട അടച്ചു കഴിഞ്ഞാൽ നാരായൺ ഘോഷ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒന്നുകൂടി കട തുറക്കും. ആ സമയത്താണ് സ്കൂളിലെ അന്നത്തെ പഠനം അവസാനിപ്പിച്ച് കുട്ടികൾ വരുന്നത്. വീണ്ടും ഖോഷ് കച്ചോരി തയാറാക്കാൻ തുടങ്ങും. കച്ചോരി മാത്രമല്ല, പഠിച്ച് തളർന്ന് വരുന്ന കുട്ടികൾക്ക് പേയാജി, ആലൂർ ചോപ്പ്, മോച്ചാർ ചോപ്പ്, ധോക്കർ ചോപ്പ്, മെഗുനി തുടങ്ങിയ ബംഗാളി പലഹാരങ്ങളും ഘോഷ് തയാറാക്കും. പക്ഷെ ഈ പലഹാരങ്ങൾക്ക് വില അൽപ്പം കൂടും. ഒരു രൂപയാണ് ഇവയ്ക്ക് ഈടാക്കുക.