mamata-banerjee

കൊൽക്കത്ത: മർദ്ദനമേറ്റ ചികിത്സയിൽ കഴിയുന്ന ഡോക്‌ടറെ കാണാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തങ്ങളുടെ സംരക്ഷണത്തിന് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യണമെന്ന്‌ കാണിച്ച് സമരം ചെയ്യുന്ന ഡോക്‌ടർമാരുടെ പ്രതിഷേധം രൂക്ഷമായതിനെ തുടർന്നാണ് മമതയുടെ ഈ പുതിയ നീക്കം. എന്നാൽ മമത ഡോക്‌ടറെ കാണുമോ എന്നുള്ള കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

പരിക്കേറ്റ ഡോക്‌ട‌ർ ഇപ്പോൾ നഗരത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോസയൻസസ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് കൊൽക്കത്തയിലെ എൻ.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടർന്ന് ഡോക്‌ടറായ പരിഭാഹ മുഖർജിയേയും മറ്റൊരു ഡോക്‌ടറേയും രോഗിക്കൊപ്പം വന്നവർ ആക്രമിക്കുന്നത്. ഡോക്‌ടറുടെ നില ഇപ്പോൾ തൃപ്തികരമാണ് .

നേരത്തെ, സമരം ചെയ്യുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്താൻ ഒരുക്കമല്ലെന്ന് മമത പറഞ്ഞിരുന്നു. എന്നാൽ പ്രക്ഷോഭം അടങ്ങാത്തതിനാൽ ജൂനിയർ ഡോക്‌ടർമാരുമായി ചർച്ച നടത്താൻ താൻ ഒരുക്കമാണെന്നും മമത അറിയിച്ചു. എന്നാൽ ഈ ക്ഷണം ഡോക്‌ടർമാർ നിരസിക്കുകയായിരുന്നു.

ഇതുവരെ 300 സർക്കാർ ഡോക്‌ടർമാരാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി ജോലിയിൽ നിന്നും രാജിവച്ചത്. 642 ഡോക്‌ടർമാർ രാജി വയ്ക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്ന് ദൽഹി എയിംസ് ആശുപത്രിയിലെ ഡോക്‌ടർമാർ ഇന്ന് രാവിലെ അറിയിച്ചിരുന്നു.