indrans-

അതുല്യമായ അഭിനയ സാധ്യതകളുണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഇന്ദ്രൻസ് എന്ന നടനെ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തി തുടങ്ങിയത്. 2018ൽ ആളൊരുക്കം എന്ന ചിത്രത്തിലൂടെ സംസ്ഥാനത്തെ മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് ഏറ്റവുമൊടുവിലായി അഭിനയിച്ച വൈറസിലൂടെയും പ്രേക്ഷകനെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഉയർച്ചയുടെ പടവുകൾ താണ്ടുപ്പോഴും താൻ വന്ന വഴി മറക്കാൻ ഈ അനുഗ്രഹീത നടൻ തയ്യാറല്ല. ഇന്ദ്രൻസിന്റെ വാക്കിലും ചലനത്തിലും വരെ ആ എളിമ വ്യക്തമാണ്. എന്നിട്ടും താൻ ജീവിതത്തിൽ ഏറ്റവുമധികം വേദനിച്ച നിമിഷത്തെ കുറിച്ച് അദ്ദേഹം തുറന്നുപറയുകയുണ്ടായി. ഒരു പുരസ്‌കാര ദാനചടങ്ങിനിടെ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനിൽ നിന്ന് തനിക്കേറ്റ ദുരനുഭവം ടൈംസ് ഒഫ് ഇന്ത്യയ‌്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് വ്യക്തമാക്കിയത്.

'എന്റെയൊരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു പുരസ്‌ക്കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ പോയി. പുരസ്‌ക്കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി അടുത്ത് ചെന്നപ്പോൾ തിരിഞ്ഞു നിന്ന് ഓ, നിങ്ങൾ അടൂരിന്റെ പടത്തിൽ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂർ നിലവാരം താഴ്‌ത്തിയോ, അതോ നിങ്ങൾ ആ നിലവാരത്തിലേക്ക് എത്തിയോ എന്ന് പറഞ്ഞ് പരിഹാസച്ചുവയോടെ ചിരിച്ചു. കുടുംബാംഗങ്ങൾ ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നു. അത് അവർക്കും ഏറെ വിഷമം ഉണ്ടാക്കി. തിരികെ വീട്ടിൽ ചെല്ലുന്നതുവരെയും ആർക്കും പരസ്‌പരം ഒന്നും പറയാൻ പോലും ആയിരുന്നില്ല'- ഇന്ദ്രൻസ് പറഞ്ഞു.

ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തുന്ന ഡോ.ബിജുവിന്റെ പുതിയ ചിത്രം 'വെയിൽമരങ്ങൾ' ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഷാങ്ഹായിലെ 'ഗോൾഡൻ ഗോബ്ലറ്റ് ' പുരസ്‌കാരങ്ങൾക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.