നമുക്ക് എന്ത് സംശയം തോന്നിയാലും ഉടൻ ഗൂഗിളിന്റെ സഹായമാണ് തേടുക. ഏവരുടെയും മനസിൽ ആകാംഷയോടെ നിലനിൽക്കുന്ന ഒരു ചോദ്യമാണ് ഇത്തവണത്തെ ഐ.സി.സി ലോകകപ്പ് ഫൈനലിൽ ആരൊക്കെ ഏറ്റുമുട്ടും എന്നത്. ഇത് ഗൂഗിളിൽ സേർച്ച് ചെയ്‌തിട്ട് കാര്യമില്ലാല്ലോ. എന്നാൽ ഇത് മുൻ കൂട്ടി പ്രവചിച്ചിരിക്കുകയാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ഇന്ത്യയും ഇംഗ്ലണ്ടുമായിരിക്കും ഫൈനലിൽ ഏറ്റുമുട്ടുകയെന്നാണ് പിച്ചൈ പറയുന്നത്. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ടീമുകൾ തന്നെയാണ് പിച്ചൈയുടെ അഭിപ്രായത്തിൽ മികച്ച ടീമുകൾ.
' ഇന്ത്യൻ ടീം കപ്പുയർത്തുന്നത് കാണാൻ തനിക്ക് ആഗ്രഹം ഉണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്റ് ടീമുകൾ വളരെ മികച്ചതാണ്. ഇന്ത്യൻ ടീം മികച്ച പ്രകടനമായിരിക്കും കാഴ്‌ച വയ്‌ക്കുക. എന്നാൽ ക്രിക്കറ്റിൽ എന്തും സംഭവിക്കാം' പിച്ചൈ പറഞ്ഞു.
ക്രിക്കറ്റിനെ ഏറെ ആരാധിക്കുന്ന വ്യക്തി കൂടിയാണ് 46 കാരനായ പിച്ചൈ. വാഷിംഗ്ടണിൽ നടന്ന ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്ദാന ചടങ്ങിനിടെ, ലോകക്കപ്പ് ആര് നേടും എന്ന യു.എസ്.ഐ.ബി.സി പ്രസിഡന്റ് നിഷ ദേശായിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.