doctor

ചണ്ഡീഗഡ്: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ലീവ് ലഭിക്കാത്തതിൽ മനം നൊന്ത് ഡോക്ടർ ആത്മഹത്യ ചെയ്തു. കർണാടകത്തിൽ എം.ഡി കോഴ്‌സിന് പഠിക്കുന്ന, ഹരിയാന സ്വദേശി ഒാംകാറാണ് തന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ഓംകാറിന്റെ വകുപ്പ് മേധാവി ഇയാളെ നിരന്തരം ദ്രോഹിച്ചിരുന്നതായും പരാതിയുണ്ട്.

'ഒാംകാറിന്റെ ഹോസ്റ്റൽമുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. എന്നാൽ അയാളെ അയാളുടെ വകുപ്പ് മേധാവി നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവർ അയാളെ, അൽപ്പദിവസത്തിനുളളിൽ നടക്കാനിരിക്കുന്ന തന്റെ സഹോദരിയുടെ വിവാഹത്തിന് പോകാൻ പോലും അനുവദിച്ചില്ല എന്നും ആരോപണമുണ്ട്.' സ്ഥലം എസ്.എച്ച്.ഒ കൈലാഷ് ചന്ദ‌ർ പറയുന്നു.

ആരോപണം നേരിടുന്ന വകുപ്പ് മേധാവിയായ ലേഡി ഡോക്ടർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് തങ്ങൾ അന്വേഷണത്തിലാണെന്നാണ് പറയുന്നത്. ഒാംകാറിന്റെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ സുഹൃത്തുക്കൾ സമരമാരംഭിച്ചിട്ടുണ്ട്.