arrest

ബിലാസ്പൂർ : പവർകട്ടിൽ പൊറുതിമുട്ടി ഫേസ്ബുക്കിൽ സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ട മദ്ധ്യവയസ്കനെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ മംഗേലാൽ അഗർവാളിനെയാണ് സർക്കാരിനെ വിമർശിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വൈദ്യുത തടസമുണ്ടാകുന്നതിന് പിന്നിൽ ഇൻവർട്ടർ കമ്പനികളെ സഹായിക്കാനുള്ള സർക്കാരിന്റെ നീക്കമാണെന്ന് ആരോപിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വിമർശിച്ചതിന് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗൽ സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്.

മംഗേലാൽ അഗർവാളിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഛത്തീസ്ഗഡ് സ്‌റ്റേറ്റ് പവർ ഹോൾഡിംഗ് കമ്പനി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. തുടർന്ന് അഞ്ച് ദിവസത്തേയ്ക്ക് കോടതി മംഗേലാലിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. അഭിപ്രായ സ്വാതന്ത്രത്തിനും, സഹിഷ്ണുതയ്ക്കും വേണ്ടി വാദിക്കുന്ന കോൺഗ്രസ് സർക്കാർ തന്നെ ഇത്തരത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പൗരൻമാരെ ജയിലിലടയ്ക്കുന്നതിനെതിരെ നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാജ്യദ്രോഹക്കുറ്റം പിൻവലിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഓരോ മണിക്കൂറിലും പതിനഞ്ച് മിനിട്ടുവരെ വൈദ്യുതി തടസപ്പെടുന്ന സംഭവം പതിവായതോടെയാണ് മംഗേലാൽ അഗർവാൾ സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.