തിരുവന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭയമില്ലാതെ പഠിക്കാനുള്ള സാഹചര്യം ഉണ്ടായേ തീരൂവെന്നും അതിന് എസ്.എഫ്. ഐ പ്രവർത്തനശൈലിയിൽ അടിമുടി മാറ്റം വരുത്തണമെന്നും യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടിയുടെ മൊഴി. ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ കമ്മീഷൻ തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് പെൺകുട്ടി മൊഴി നൽകിയത്. സ്വതന്ത്രമായി പഠിക്കാൻ കഴിയുന്ന കലാലയമാണ് സ്വപ്നം. ആത്മഹത്യയ്ക്ക് കാരണക്കാർ ഒന്നോ രണ്ടോ വിദ്യാർത്ഥികൾ മാത്രമല്ല, കോളേജ് യൂണിയൻ പൊതുവിൽ ആണ്. വിശദമായ മൊഴി കമ്മീഷന് നൽകിയിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറഞ്ഞു.
കലാലയങ്ങളിൽ എസ്.എഫ്.ഐയുടെ പേരിൽ നടത്തുന്ന ഗുണ്ടായിസം എല്ലാ പരിധികളും ലംഘിച്ച് മനുഷ്യാവകാശ ലംഘനങ്ങളുടെ തലത്തിൽ എത്തിനിൽക്കുന്നുവെന്നും വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ നയിക്കുന്ന സ്വതന്ത്ര കമ്മീഷന് കഴിയുമെന്നും മൊഴി നൽകിയതിനു ശേഷം കോൺഗ്രസ് നേതാവ് വി.എം .സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൻ മന്ത്രി ബാബു ദിവാകരൻ, കെ.എം ഷാജഹാൻ, ജ്യോതികുമാർ ചാമക്കാല, ആർ.വി രാജേഷ്, ആർ.എസ് ശശികുമാർ, യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ മോളി മെർസലിൻ, ആർ.കുമാർ, ഡോ.ജയകുമാർ, ഗവ.കോളേജ് ടീച്ചേഴ്സ് ഓർഗനൈസഷൻ, കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ, എം.ജി സർവകലാശാല വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി കോളേജിലെ റിട്ട.അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ പൊതുജനങ്ങൾ തുടങ്ങിയവർ തെളിവെടുപ്പിൽ പങ്കെടുത്തു.
ചില അദ്ധ്യാപകർ സംഘടിത വിദ്യാർത്ഥി സംഘടനകളുടെ ക്രമവിരുദ്ധ പ്രവർത്തനങ്ങളെ സഹായിക്കുന്നതായി അദ്ധ്യാപകർ മൊഴി നൽകി.
പൊതുവിൽ വന്ന എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സൂക്ഷ്മമായി പഠിക്കുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിൽ പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കലാലയങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനായിട്ടാണ് ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ രൂപികരിച്ച് വസ്തുതാന്വേഷണം ആരംഭിച്ചത്. തൈക്കാട് ഗാന്ധി സ്മാരക ഹാളിൽ രണ്ടു ദിവസമായി നടന്ന തെളിവെടുപ്പ് ഇന്നലെ അവസാനിച്ചു. അടുത്ത സിറ്റിംഗ് എറണാകുളത്ത് നടത്തും. അതിനു ശേഷം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. കമ്മീഷൻ അംഗങ്ങളായ പ്രൊഫ.എ.ജി ജോർജ്, പ്രൊഫ.എസ് വർഗീസ്, ഡോ.വി തങ്കമണി, ജെ.സന്ധ്യ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.