എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുകൊണ്ടാണ് കെ.ആർ.നാരായണൻ രാഷ്ട്രപതി പദവിയിലെത്തിയത്. അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ പാവപ്പെട്ട പിന്നാക്ക-അധഃസ്ഥിത ജനസമൂഹത്തിന്റെ യാതനകളുടെ നേർചിത്രവും, അതിനെതിരായ പോരാട്ടങ്ങളുടെ ചരിത്രവുമാണ്. 1920 ൽ കോട്ടയം ജില്ലയിലെ ഉഴവൂർ വില്ലേജിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് രാമൻ വൈദ്യരും മാതാവ് പാപ്പിയമ്മയുമാണ്.
രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ സ്നേഹാദരങ്ങൾക്ക് പാത്രമാകാനും കെ.ആർ.നാരായണന് കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ താഴേക്കിടയിൽ നിന്നും ഉജ്ജ്വല പ്രകാശം ചൊരിയുന്ന കഴിവുറ്റ ഒരു യുവാവിനെ ജവഹർലാൽ നെഹ്റു കെ.ആർ. നാരായണനിൽ കണ്ടു. വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധിയായി, വിലപ്പെട്ട സേവനം അനുഷ്ഠിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സോവിയറ്റ് റഷ്യയുടെ ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ പ്രാധാന്യമുള്ളതായിരുന്നു.
1984 ൽ ഒറ്റപ്പാലം പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി ലോക്സാംഭഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1989 ലും 1991 ലും അദ്ദേഹം വീണ്ടും ഇവിടെ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1985-86 കാലത്ത് ഇന്ത്യൻ ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1992-97 കാലത്ത് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി അദ്ദേഹം. 1997-2002 കാലത്ത് രാഷ്ട്രപതിയായ അദ്ദേഹം രാജ്യത്തിന് സുപ്രധാനമായ സംഭാനകളാണ് നൽകിയത്.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കായി വളരെ സുപ്രധാനവും എടുത്ത് പറയേണ്ടതുമായ സംഭാവനകളാണ് കെ.ആർ.നാരായണൻ നൽകിയിട്ടുള്ളത്. ഡൽഹി സർവകലാശാലയുടെയും, ജവഹർലാൽ നെഹ്റു സർവകലാശാലയുടെയും വൈസ്-ചാൻസിലർ എന്ന നിലയിൽ ഈ മേഖലയിൽ കഴിവുകൾ തെളിയിക്കാനും, ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരും, പിന്നാക്കക്കാരുമായ ജനവിഭാഗങ്ങളുടെ ശാശ്വത മോചനത്തിനായുള്ള പോരാട്ടങ്ങളിൽ നിശ്ചയമായും കെ.ആർ.നാരായണൻ അവർക്കൊരു വഴികാട്ടിയാണെന്ന കാര്യത്തിൽ തർക്കമില്ല. പിന്നാക്ക ജനവിഭാഗങ്ങൾക്ക് നിലവിലുള്ള സാമുദായിക സംവരണം പോലും ഇപ്പോൾ വലിയ വെല്ലുവിളി നേരിടുകയാണ്. രാജ്യത്തിന്റെ അഭിമാനമായ കെ.ആർ.നാരായണനെ ആദരിക്കാൻ കേരള സർവകലാശാല തീരുമാനിച്ചിരിക്കുകയാണ്. കേരള സർവകലാശാലയിലും അതിന്റെ ആദ്യത്തെ രൂപമായ തിരുവിതാംകൂർ സർവകലാശാലയിലും നിന്നാണ് കെ.ആർ.നാരായണൻ ബി.എ. ഓണേഴ്സ്, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം എന്നിവ ഒന്നാം റാങ്കോടുകൂടി പാസായത്.
തുടർന്ന് അദ്ദേഹം ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്നും രാഷ്ട്രമീമാംസയിലും, സാമ്പത്തിക ശാസ്ത്രത്തിലും ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെ.ആർ.നാരായണൻ ഹരോൾഡ് ലാസ്കിയുമായി പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അനുയായിയായി മാറുകയും ചെയ്യുന്നത്.
അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിന്റെ ഭാഗമായി കേരള സർവകലാശാല പാളയത്ത് നിർമ്മിച്ച വിപുലമായ സൗകര്യങ്ങളുള്ള സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിന് കെ.ആർ.നാരായണന്റെ പേര് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഡോ.കെ.ആർ.നാരായണൻ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരള സർവകലാശാലയുടെ സന്തതിയായ ഈ വിശ്വപൗരനുളള സ്വന്തം നാടിന്റെ ആദരമാണ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിന് അദ്ദേഹത്തിന്റെ പേര് നൽകാനുള്ള തീരുമാനം.
( ലേഖകൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമാണ്. ഫോൺ: 9847132428 , Email: advgsugunan@gmail.com)