ua

കോഴിക്കോട്: സാഹിത്യകാരൻ യു.എ.ഖാദറിന്റെ ചികിത്സാ ചെലവ് പൂർണമായി സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും അറിയിച്ചു.

യു.എ. ഖാദറിനെ കോഴിക്കോട്ടെ വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് മന്ത്രിമാർ ഇക്കാര്യം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ശ്വാസകോശ സംബന്ധമായ ശസ്ത്രക്രിയയ്ക്കും കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ സന്ദർശിച്ചത്. പുരുഷൻ കടലുണ്ടി എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.

ചികിത്സയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അപ്പുറത്താണ്. അതിനാലാണ് തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതെന്നും മന്ത്രിമാർ പറഞ്ഞു.

ഇന്നലെ രാവിലെ 8.15 ഓടെയാണ് മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും യു.എ. ഖാദറിന്റെ പൊക്കുന്നിലെ 'അക്ഷരം' വസതിയിൽ എത്തിയത്. ഏറെ നേരം ഇരുവരും വീട്ടിൽ ചിലവഴിച്ചു. എഴുത്തുകാരനെന്ന നിലയിൽ തന്റെ സംഭാവനകൾ തുടർന്നും നൽകുമെന്നും യു.എ.ഖാദർ മന്ത്രിമാരോട് പറഞ്ഞു.