കേരളത്തിൽ എന്നും അഴിമതിയുടെ കണക്കുകൾ മാത്രം പറയാനുള്ള വകുപ്പാണ് പൊതുമരാമത്ത്. അടിമുടി അഴിമതിയിൽ മുങ്ങികുളിച്ചു കൊണ്ടിരിക്കുന്ന വകുപ്പിനെ അഴിമതി വിമുക്തമാക്കാൻ വകുപ്പ് മന്ത്രി ജി.സുധാകരനും കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കും ആ ദൗത്യം നിർവഹിക്കാനാവില്ല. ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും ചേർന്ന് ഒരു ഉപചാപക സംഘമാണ് പൊതുമരാമത്ത് വകുപ്പ് ഭരിക്കുന്നത്. സാധാരണക്കാരൻ നൽകുന്ന നികുതിപ്പണത്തിൽ നിന്നും പൊതുമരാമത്ത് പണികൾക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ 40 ശതമാനം മാത്രമാണ് വിനിയോഗിക്കപ്പെടുന്നതെന്നും ബാക്കി അറുപത് ശതമാനം പണവും പലർക്കായി വീതിക്കപ്പെടുകയുമാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. മനുഷ്യന്റെ ജീവനുതന്നെ ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം മാഫിയകളെ അടിച്ചമർത്താൻ കഴിയുമ്പോഴാണ് ഒരു ഭരണാധികാരി അഴിമതി മുക്തനാവുന്നത്. ഭരണാധികാരി അഴിമതി നടത്തിയില്ലെങ്കിലും ടീമിന്റെ അഴിമതി ഇല്ലാതാക്കുമ്പോൾ മാത്രമേ അദ്ദേഹവും സംശുദ്ധനാവുകയുള്ളൂ. പൊതുമരാമത്തിൽ അഴിമതി നടക്കുന്നു എന്നറിയാൻ സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഇന്റലിജൻസിന്റെയും ഒന്നും വിദഗ്ദ്ധസേവനം ആവശ്യമില്ല. അതിന് പൊതുരംഗത്തെ പ്രവർത്തന പരിചയം മാത്രം മതി. അതിന് അറുതി വരുത്താനുള്ള ഇച്ഛാശക്തിയും മനസും ഉണ്ടായാൽ മതി.
പാലാരിവട്ടം മേൽപ്പാലനിർമ്മാണത്തിൽ ഉണ്ടായിരിക്കുന്ന അഴിമതിയും അതിലൂടെ മനുഷ്യജീവന് ഉണ്ടായിരിക്കുന്ന ഭീഷണിയുമാണ് ഇത് പരാമർശിക്കാൻ കാരണം. പാലം നിർമ്മാണത്തിലുണ്ടായ ക്രമക്കേട് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് അന്വേഷിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് നല്ല സൂചനയാണ്. എന്നാൽ മറ്റ് പല അഴിമതി കേസുകളും പോലെ ഇതും ചാരം മൂടിക്കിടന്നാൽ ഭരണാധികാരികളെല്ലാം തുല്യരായി മാറും.
ചെന്നൈ ഐ.ഐ.ടി യുടെ പഠനറിപ്പോർട്ട് വളരെ ആശങ്കയുളവാക്കുന്നതാണ്. ആവശ്യമായതിനെക്കാൾ വളരെക്കുറഞ്ഞ അളവിൽ മാത്രം സിമന്റ് ഉപയോഗിച്ചെന്നും പ്രധാനപ്പെട്ട പല സെക്ഷനുകളിലും കോൺക്രീറ്റ് പോലും ഇല്ല എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുമ്പോൾ മണിക്കൂറിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടുത്തെ സുരക്ഷാഭീഷണി എത്രമാത്രമെന്ന് ഊഹിക്കാവുന്നതിനും അപ്പുറമാണ്. 2013-ൽ രൂപകല്പന ചെയ്ത പാലം 2017 -ൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ തന്നെ പാലത്തിന് ബലക്ഷയം സംഭവിച്ചതിന്റെ മുഴുവൻ ഉത്തരവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ബാദ്ധ്യത ഈ സർക്കാരിനുണ്ട്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭരണകാലയളവിൽ പണികൾ നടന്നതു കൊണ്ടായിരിക്കും ഈ വമ്പൻ അഴിമതിക്കെതിരെ ശക്തമായ സമരപരിപാടികൾ ഉണ്ടാവാത്തത്. കേരളത്തിലെ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നും തന്നെ സടകുടഞ്ഞെഴുന്നേറ്റും കണ്ടില്ല. ഉദ്ഘാടന സമയത്ത് പ്രോജക്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ക്രമക്കേട് കണ്ടെത്തിയപ്പോൾ തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരം നല്ലതല്ല. കാരണം അന്നും ഇന്നും കരാറുകാരനും ഉദ്യോഗസ്ഥനും ഒന്നാണ്. അവരാണ് യഥാർത്ഥ പ്രതികൾ.
കേരള മന്ത്രിസഭയിലെ കരുത്തനായ പൊതുമരാമത്ത് മന്ത്രി ഇതിൽ ശക്തമായി ഇടപെടും എന്നാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അതിന്റെ ആദ്യശ്രമങ്ങൾ ശ്ലാഘനീയമാണ്. അന്വേഷണം നടത്തുകയും ബന്ധപ്പെട്ടവരെ പ്രതി ചേർത്ത് കേസ് എടുക്കുകയും ചെയ്തതുകൊണ്ട് കാര്യമായില്ല. പിരമിഡ് പോലെ തഴച്ചു വളരുന്ന ഈ അഴിമതിവകുപ്പിൽ ഉദ്യോഗസ്ഥർക്ക് ഈ കേസൊക്കെ ഒരു തമാശയാണ്. വിജിലൻസ് അന്വേഷണം നേരിടുന്ന എത്രയോ ഉദ്യോഗസ്ഥൻമാരുണ്ട് മുകളിലും താഴെയുമായി ഈ വകുപ്പിൽ. അവർക്കെല്ലാമറിയാം അവരെ സംരക്ഷിക്കേണ്ടവർ മുകളിലുണ്ടെന്ന്. എന്നാൽ ഈ കേസ് ഇങ്ങനെയാവരുത്. ഇത് ജനങ്ങളുടെ ജീവൻവച്ചുള്ള കളിയാണ്. ഇത് അവരുടെ ജിവിതം വച്ചുകൊണ്ടുള്ള കളിയാണ്. എന്ത് ചെയ്താലും സംരക്ഷിക്കാൻ ആളുണ്ട് എന്ന തോന്നൽ ജനാധിപത്യ സമൂഹത്തിന് നല്ലതല്ല. ഈ കൂട്ടരെ കയ്യാമം വച്ച് കൽത്തുറുങ്കിലടയ്ക്കണം. അപ്പോൾ മാത്രമേ ജനാധിപത്യത്തിന് ശോഭയുണ്ടാകൂ.
ഒടുവിൽ പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ യഥാർത്ഥ അപാകത കണ്ടുപിടിക്കാൻ സർക്കാർ ശ്രീധരൻ സാറിനെ തന്നെ ആശ്രയിച്ചു. മെട്രോമാൻ എന്ന വിശേഷണത്തോടെ നിർമ്മാണരംഗത്ത് ഒട്ടനവധി നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിച്ച ശ്രീധരൻസർ കേരളത്തിൽ കാലുകുത്തിയാൽ നിർമ്മാണരംഗത്ത് പുത്തനാശയങ്ങൾ രൂപം കൊള്ളും. അദ്ദേഹം എത്തി. ഇനി എല്ലാം ശുഭമാകും.
കേരളത്തിന്റെ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും മെട്രോമാൻ ശ്രീധരൻ സാറും തമ്മിൽ കൈകൊടുത്താൽ പിന്നെ പൊതുമരാമത്ത് വകുപ്പ് ശുദ്ധിയാക്കാൻ ദിനങ്ങൾ മാത്രം മതി. അടിസ്ഥാന വികസനം എന്നത് ഗതാഗത സംവിധാനത്തിന്റെ വികസനമാണ്. അതുകൊണ്ടുതന്നെ ഗതാഗതത്തിന് മുന്തിയ പരിഗണന കൊടുക്കണം. അതിനായി കേന്ദ്രവും കേരളവും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടാകണം. ഊർജ്ജസ്വലതയുള്ള കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി വലിയ വികസന സ്വപ്നങ്ങളുള്ള ഭരണാധികാരിയാണ്. അതുപോലെയാണ് ജി.സുധാകരനും. 36 ദിവസം കൊണ്ട് രാമേശ്വരം പാമ്പൻ പാലം പുനർനിർമ്മിച്ച ശ്രീധരൻ സാറിന്റെ കഴിവും മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാടും പ്രധാനമന്ത്രിയുടെ വികസന സങ്കല്പവും രാജ്യത്തിന്റെ വികസനം എന്ന ഒരേ ലക്ഷ്യത്തിലേക്കാണ്. എന്നാൽ മാർഗം വൈവിദ്ധ്യമാണ്. വൈദഗ്ദ്ധ്യമുള്ള മാർഗങ്ങളെ ഒരേ ലക്ഷ്യത്തിനുവേണ്ടി സംയോജിപ്പിക്കാൻ കഴിയേണ്ടത് സംസ്ഥാന ഭരണനേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. ആ നിലയിൽ അടിസ്ഥാന വികസന പ്രവർത്തനം അഴിമതി വിരുദ്ധവും ലക്ഷ്യബോധവുമുള്ളതും ശാസ്ത്രീയവുമാക്കാൻ ഈ വ്യക്തിത്വങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.