സെപ്‌തംബറിനകം എ.ടി.എമ്മുകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം
ന്യൂഡൽഹി: രാജ്യത്തെ എ.ടി.എം (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) കൗണ്ടറുകൾ വികസിത രാജ്യങ്ങളിലേതിന് സമാനമായി മുഖംമിനുക്കുന്നു. ഈ വർഷം സെപ്‌തംബർ 30നകം എ.ടി.എം മെഷീനുകളും സ്‌ക്രീനും ഭിത്തിയിലേക്ക് മാറ്റണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. എ.ടി.എം തകർത്തുള്ള പണം കവർച്ചകൾ തടയുകയാണ് ലക്ഷ്യം. അതീവ സുരക്ഷിത മേഖലകളിലെ (വിമാനത്താവളങ്ങൾ, മികച്ച സി.സി.ടി.വി കവറേജുള്ള കേന്ദ്രങ്ങൾ, കേന്ദ്ര-സംസ്‌ഥാന സുരക്ഷാ ഉദ്യോഗസ്ഥർ കാവലുള്ള സ്ഥലങ്ങൾ) എ.ടി.എമ്മുകൾ പുനഃക്രമീകരിക്കേണ്ടതില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ, ഒരു ചെറിയ മുറിക്കുള്ളിൽ പ്രത്യേക ബോക്‌സിലാണ് ഇന്ത്യയിൽ എ.ടി.എം മെഷീൻ സജ്ജമാക്കിയിരിക്കുന്നത്. ബോക്‌സിന് താഴെ എ.ടി.എം മെഷീനും മുകളിൽ സ്‌ക്രീനും പ്രവർത്തിക്കുന്നു. എ.ടി.എം മെഷീനും സ്‌ക്രീനും ഭിത്തിയിലേക്ക് മാറുമ്പോൾ മുറിയുടെ ആവശ്യമുണ്ടാകില്ല. സ്‌ക്രീൻ മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് കാണാനാവുക. ഭിത്തിക്ക് പിന്നിലായിരിക്കും മെഷീന്റെ സ്ഥാനമെന്നതിനാൽ തകർക്കുക പ്രയാസവുമാണ്.
2016ൽ റിസർവ് ബാങ്ക് രൂപീകരിച്ച കമ്മിറ്റി ഓൺ കറൻസി മൂവ്‌മെന്റ് (സി.സി.എം) സമർപ്പിച്ച ശുപാർശ പ്രകാരമാണ് എ.ടി.എമ്മുകൾ പുനഃക്രമീകരിക്കുന്നത്. എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ ഡിജിറ്റൽ വൺടൈം കോമ്പിനേഷൻ (ഒ.ടി.സി) ലോക്കുകൾ മാത്രം ഉപയോഗിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. എ.ടി.എമ്മുകളിലെ പണക്കുറവ്, മോഷണശ്രമങ്ങൾ തുടങ്ങിയ തിരിച്ചറിഞ്ഞ് അതിവേഗം നടപടിയെടുക്കാനായി സമഗ്രമായ ഇ-സർവേലൻസ് മെക്കാനിസം പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്. സമയബദ്ധിതമായി നിർദേശങ്ങൾ പ്രാവർത്തികമാക്കാത്ത ബാങ്കുകൾക്കെതിരെ നടപടിയെടുക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
എ.ടി.എം കാലിയാണോ?
ബാങ്കുകൾക്ക് 'പണി" കിട്ടും!
കാലിയാകുന്ന എ.ടി.എമ്മുകളിൽ ഉടനടി പണം നിറയ്‌ക്കാത്ത ബാങ്കുകൾക്കുമേൽ പിഴ ഈടാക്കുമെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്നും കാലിയായ എ.ടി.എമ്മുകളിൽ സമയബദ്ധിതമായി പണം നിറയ്ക്കണമെന്നും നിർദേശിച്ചുള്ള സർക്കുലർ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അയയ്‌ച്ചുവെന്നാണ് സൂചന. എ.ടി.എമ്മുകളിൽ പണം തീർന്നാൽ ഉടൻ ബന്ധപ്പെട്ട ബാങ്കിൽ 'അലർട്ട്" ലഭിക്കുമെങ്കിലും നടപടി സ്വീകരിക്കാറില്ലെന്ന പരാതികൾ ഉയർന്നിരുന്നു.
ഫീസ് ഘടന
പഠിക്കാൻ പാനൽ
എ.ടി.എം ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന ഫീസ് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ) സി.ഇ.ഒ വി.ജി. കണ്ണൻ അദ്ധ്യക്ഷനായ ആറംഗ പാനലിന് റിസർവ് ബാങ്ക് രൂപംനൽകി. രണ്ടുമാസത്തിനകം പാനൽ റിപ്പോർട്ട് സമർപ്പിക്കണം.
2.2 ലക്ഷം
രാജ്യത്ത് 2.2 ലക്ഷം എ.ടി.എമ്മുകളാണുള്ളത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി മിക്ക ബാങ്കുകളും എ.ടി.എമ്മുകളുടെ എണ്ണം കുറയ്ക്കുകയാണ്. ഉപഭോക്താക്കളെ ഇന്റർനെറ്റ് ബാങ്കിംഗിലേക്ക് കൂടുതലായി ആകർഷിക്കാനുള്ള ശ്രമങ്ങളാണ് ബാങ്കുകൾ നടത്തുന്നത്.