തിരുവനന്തപുരം: മഴ ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഡെങ്കി ബാധിതരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ വർദ്ധിച്ചിരിക്കുകയാണ്. അമിതമായ അന്തരീക്ഷ ഊഷ്മാവും പെട്ടെന്ന് വന്ന മഴയുമാണ് പനി ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു. സാധാരണ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്. ജില്ലയിൽ ഇത്തവണ മേയിൽ തന്നെ പനി കണ്ടെത്തി. പനിബാധിച്ച് ഈ വർഷം സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ഒരു ലക്ഷത്തോളം പേരിൽ 538 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 78 പേർ തലസ്ഥാനത്തുള്ളവരാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 4090 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്. ഇതിൽ 32 പേർ മരണമടഞ്ഞു. കൊതുകു നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള പ്രധാന വഴി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. അതിനാൽ പകൽ കൊതുകു കടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് മുട്ടയിടുന്നത്. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുകയാണ് ഏക പോംവഴി. കൊതുകു നശീകരണത്തിനായി ഫോഗിംഗ് ഉൾപ്പെടെയുള്ള നടപടികൾ നഗരസഭയും ജില്ലാ ആരോഗ്യവകുപ്പും സ്വീകരിച്ചിരുന്നു. എന്നിട്ടും പനി പടരുന്നത് തടയാനായിട്ടില്ല.
പനിബാധിതരുടെ കണക്ക് (2018,19 വർഷങ്ങളിലേത്)
2019 മാർച്ച് -20
2019 ഏപ്രിൽ -23
2019 മേയ് -30
2019 ജൂൺ (ഇതുവരെ) - 5
കൊതുകിനെ തുരത്താം
കൊതുകിനെ പിടിക്കാൻ പുതുവഴി
(ബോക്സിൽ നൽകണം, മന്ത്രി ശൈലജയുടെ പടത്തിനൊപ്പം)
കേരള സർക്കാരും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം കൊതുകിനെ പിടിക്കാൻ ഗ്രാവിഡ് അഡൾട്ട് മൊസ്‌കിറ്റോ ട്രാപ്പ് നിർമ്മിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈക്കോലിൽ നിന്നുണ്ടാക്കുന്ന ഹേ സൊല്യൂഷൻ ഉപയോഗിച്ചാണ് കൊതുകിനെ ആകർഷിക്കുന്നത്. 200 കൊതുകിനെ വരെ പിടിക്കാൻ കഴിയുന്നതാണിത്. 200 രൂപയാണ് ഇതിന്റെ വില. ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്‌ത വർക്കല, വിളപ്പിൽശാല, ചാക്ക, നേമം എന്നിവിടങ്ങളിൽ ഇത് സ്ഥാപിക്കാനാണ് തിരുമാനമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.