forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം ജൂൺ ഏഴിന് സമാപിച്ച വാരത്തിൽ 168 കോടി ഡോളർ വർദ്ധിച്ച് 42,355 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. തൊട്ടുമുമ്പത്തെ വാരത്തിൽ 187 കോടി ഡോളറിന്റെ വർദ്ധനയും രേഖപ്പെടുത്തിയിരുന്നു. 2018 ഏപ്രിലിൽ കുറിച്ച 42,602 കോടി ഡോളറാണ് നിലവിലെ റെക്കാഡ്. ഇതു മറികടക്കാൻ ഇനി 247 കോടി ഡോളർ മാത്രം മതി.

ജൂൺ ആദ്യവാരം വിദേശ നാണയ ആസ്‌തി 166 കോടി ഡോളർ ഉയർന്ന് 39,580 കോടി ഡോളറായി. ഡോളറിലാണ് മൂല്യം രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയ വിദേശ കറൻസികളും വിദേശ നാണയ ആസ്‌തിയിലുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടായ വർദ്ധനയാണ് കഴിഞ്ഞവാരം ഇന്ത്യയ്ക്ക് നേട്ടമായത്. കഴിഞ്ഞവാരം കരുതൽ സ്വർണശേഖരം 2,295 കോടി ഡോളറിൽ മാറ്റമില്ലാതെ നിന്നു. അന്താരാഷ്‌ട്ര നാണയ നിധിയിലെ (ഐ.എം.എഫ്) കരുതൽ ധനശേഖരം 61 ലക്ഷം ഡോളർ വർദ്ധിച്ച് 144 കോടി ഡോളറായി.